വാടാനപ്പള്ളി കിറ്റ് വിതരണ വിവാദത്തിൽ ട്വിസ്റ്റ്; കേസെടുക്കാൻ തെളിവില്ലെന്ന് പോലീസ്

തൃശൂർ: മണലൂർ മണ്ഡലത്തിലെ വാടാനപ്പള്ളിയിൽ ബിജെപി നേതാക്കൾ കിറ്റ് വിതരണം ചെയ്തു എന്ന പരാതിയിൽ കേസെടുക്കാൻ മതിയായ തെളിവുകളില്ലെന്ന് പോലീസ്. കിറ്റ് ആവശ്യപ്പെടുന്നതിനോ വിതരണം ചെയ്യുന്നതിനോ ഉള്ള ദൃശ്യങ്ങൾ സിസിടിവി പരിശോധനയിൽ കണ്ടെത്താനായില്ല എന്നതാണ് പോലീസിന്റെ നിലപാട്. മൂന്ന് രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. വിഷുവിനോടനുബന്ധിച്ച് വിതരണം ചെയ്യാൻ തയ്യാറാക്കിയ കിറ്റുകളാണിതെന്നാണ് ബിജെപിയുടെ വാദം. ഈ വാദം തത്ക്കാലം വിശ്വാസത്തിലെടുക്കുന്ന പോലീസ്, കിറ്റ് ഓർഡർ ചെയ്ത വ്യക്തിയെയും കടയുടമയെയും വരും ദിവസങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യും. ഇതിനുശേഷമേ അന്തിമ നിഗമനത്തിൽ എത്തുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.
അതേസമയം, പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപന്റെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബിജെപി നേതാവും നടനുമായ ദേവൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാതെ സമരസ്ഥലത്തുനിന്ന് പിരിഞ്ഞുപോവില്ലെന്ന നിലപാടിലാണ് യുഡിഎഫ്. കിറ്റുകൾ വിതരണം ചെയ്യാൻ കൊണ്ടുവന്ന മൂന്ന് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുക്കണമെന്നും ഈ നീക്കം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ടി.എൻ. പ്രതാപൻ ആരോപിച്ചു. ബിജെപി നേതാക്കൾ നേരിട്ടെത്തിയാണ് കിറ്റുകൾ തയ്യാറാക്കിയതെന്നും ഇതിന് കൃത്യമായ പ്ലാൻ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധത്തിനിടെ പോലീസും യുഡിഎഫ് പ്രവർത്തകരും തമ്മിൽ നേരിയ വാക്കേറ്റം ഉണ്ടായി. സ്ഥലത്ത് ബിജെപി പ്രവർത്തകരും തടിച്ചുകൂടിയിരുന്നെങ്കിലും ഭൂരിഭാഗം പേരും പിന്നീട് പിരിഞ്ഞുപോയി. നിലവിൽ സ്ഥലത്ത് സംഘർഷാവസ്ഥ ഒഴിവായെങ്കിലും കേസ് എടുക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് യുഡിഎഫ് പ്രവർത്തകർ.
Content Highlights: Police found no CCTV evidence of illegal kit distribution in Thrissur., BJP claims the kits were intended for Vishu festivities., UDF candidate TN Prathapan leads protests demanding legal action., Police to further interrogate the shop owner and the person who ordered the kits., Tensions remain high as UDF insists on vehicle seizure and formal charges.