തൃശ്ശൂരിലെ ബിജെപി-സിപിഎം സംഘര്‍ഷവും പോർവിളിയും; 70 പേർക്കെതിരേ കേസ്

തൃശ്ശൂര്‍: വോട്ട് ക്രമക്കേടില്‍ തൃശ്ശൂരില്‍ ചൊവ്വാഴ്ച നടന്ന ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ 70 പേര്‍ക്കെതിരേ കേസെടുത്തു. 40 ബിജെപി പ്രവര്‍ത്തകര്‍ക്കും 30 സിപിഎം പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസെടുത്തത്. സംഘര്‍ഷത്തില്‍ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന് ജേക്കബിനടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു.
അതിനിടെ ബിജെപി ബുധനാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ അറിയിച്ചിരുന്നു. സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ സുരേഷ് ഗോപി രാവിലെ 9.30-ഓടെ വന്ദേഭാരത് എക്സ്പ്രസില്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങി. കഴിഞ്ഞദിവസം പരിക്കേറ്റവരെ സന്ദര്‍ശിക്കുകയായിരിക്കും ആദ്യം ചെയ്യുക. തുടര്‍ന്ന് ക്യാമ്പ് ഓഫീസിലെത്തും.
തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്, മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ റാലിയില്‍ പങ്കെടുക്കും. സുരേഷ് ഗോപിയുടെ ഓഫീസിനുനേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തതലത്തിലാണ് ബിജെപിയുടെ പ്രതിഷേധം.
വോട്ടര്‍പ്പട്ടിക വിവാദത്തിലും കന്യാസ്ത്രീകളുടെ അറസ്റ്റിലുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞദിസവം സിപിഎം പ്രവര്‍ത്തര്‍ സുരേഷ് ഗോപിയുടെ ചേരൂരിലെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സുരേഷ് ഗോപിയുടെ ഓഫീസ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിക്കുകയും ചെരിപ്പുമാലയിടുകയും ചെയ്തു. മാര്‍ച്ച് പോലീസ് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കുകയായിരുന്നു. ഇതിന് മറുപടിയെന്നോണം രാത്രി എട്ടുമണിയോടെ ബിജെപി പ്രവര്‍ത്തകര്‍ സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസിലേക്കും മാര്‍ച്ച് നടത്തി. തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി.
Content Highlights: BJP-CPM Clash in Thrissur: 70 Face Charges, Statewide Protests Announced