തൃക്കളയൂർ ദേവസ്വം ഭൂമിതട്ടിപ്പ്: പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

#ബി. ബാലഗോപാൽ/മാതൃഭൂമി ന്യൂസ്
സുപ്രീംകോടതി |ഫോട്ടോ:ANI
സുപ്രീംകോടതി |ഫോട്ടോ:ANI

ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ നിർമ്മിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസിൽ അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യത്തിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപിൻ പഞ്ചോലി എന്നിവർ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

തൃക്കളയൂർ ദേവസ്വത്തിന്റെ ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ്. കീഴുപറമ്പ് വില്ലേജിൽപ്പെട്ട ദേവസ്വത്തിന്റെ ഭൂമിയും  ക്ഷേത്രത്തിലെ ഉത്സവങ്ങൾക്കും മറ്റ് ആചാരങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന പറമ്പുകളും (ഉത്സവപ്പറമ്പ്, ആറാട്ടുവഴി, താലപ്പൊലിപ്പറമ്പ്, എഴുന്നള്ളത്തുപറമ്പ്) കൈയേറിയെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. 1975-ൽ ദേവസ്വത്തിന് യാതൊരു നോട്ടീസും നൽകാതെ ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് വ്യാജ പട്ടയങ്ങൾ കരസ്ഥമാക്കിയെന്നാണ് പരാതി.

കുഞ്ഞാലംകുട്ടി ഹാജി, സി.പി. മുഹമ്മദ് റഫീഖ് എന്നിവർ ദേവസ്വം ഭൂമി വ്യാജ പട്ടയം ഉപയോഗിച്ച് കൈവശപ്പെടുത്തിയെന്നും ഈ ഭൂമി ഈടായി നൽകി വായ്പയെടുത്തെന്നും ഹർജിയിൽ പറയുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കടാശ്വാസ ട്രിബ്യൂണൽ ജപ്തി നടപടികൾക്ക് മുതിർന്നപ്പോഴാണ് ഭൂമി തട്ടിപ്പിന്റെ വിവരം ദേവസ്വം അറിയുന്നതെന്നാണ് ഹർജിക്കാരുടെ വാദം. ജില്ലാ കളക്ടറുടെയും വില്ലേജ് ഓഫീസറുടെയും അനുകൂല റിപ്പോർട്ടുകൾ ഉണ്ടായിട്ടും പട്ടയം റദ്ദാക്കണമെന്ന തങ്ങളുടെ ആവശ്യം കേരള ഹൈക്കോടതി തള്ളിയെന്നാണ് ദേവസ്വത്തിന്റെ നിലപാട്.

വ്യാജരേഖകൾ ഉപയോഗിച്ച് ഭൂമി തട്ടിയെടുത്തെന്ന സർക്കാർ റിപ്പോർട്ടുകളുടെ പാശ്ചാത്തലത്തിൽ പ്രത്യേക സംഘത്തേക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ദേവസ്വത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ് വാദിച്ചു. ഇതേത്തുടർന്നാണ് സംസ്ഥാന സർക്കാരും സംസ്ഥാന പോലീസ് മേധാവിയും ഉൾപ്പടെയുള്ള കേസിലെ എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ദേവസ്വത്തിനുവേണ്ടി അഭിഭാഷകൻ മുകുന്ദ് പി. ഉണ്ണിയും ഹാജരായി.

Content Highlights: Supreme court demands investigation into alleged land fraud at Thrikkalayoor temple, Malappuram, involving fake deeds and unauthorized land acquisition.