പിതൃസ്മരണയില്‍ വീടുകളില്‍ ബലിയര്‍പ്പിച്ച് വിശ്വാസികള്‍

-
-

കോഴിക്കോട്: പിതൃസ്മരണയിൽ ഇന്ന് കർക്കിടക വാവ്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പുണ്യസ്നാന ഘട്ടങ്ങളിലൊന്നും ഇത്തവണ ബലിതർപ്പണം നടന്നില്ല. പിതൃപരമ്പരയുടെ മോക്ഷപ്രാപ്തിക്കായി ഹൈന്ദവ വിശ്വാസികൾ വീടുകളിലാണ് ബലിതർപ്പണം നടത്തിയത്.

ബലിതർപ്പണ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്ന പലരും ഓൺലൈനായും വിശ്വാസികൾക്ക് നിർദേശം നൽകി ചടങ്ങുകൾ നിർവഹിച്ചു. പിതൃപ്രീതി തേടി എല്ലാ വർഷവും ആയിരങ്ങളാണ് പുണ്യതീർഥങ്ങളിൽ എത്താറുള്ളത്. എന്നാൽ കോവിഡ് ജാഗ്രതയുടെ ഭാഗമായി ഈ പതിവ് ഒഴിവാക്കി അവര്‍ സ്വന്തം വീടുകളിൽ പിതൃക്കൾക്ക് ബലിയർപ്പിച്ചു.

എല്ലാ വർഷവും പതിനായിരങ്ങൾ പിതൃതർപ്പണത്തിന് എത്തിയിരുന്ന സംസ്ഥാനത്തെ എല്ലാ തീർഥഘട്ടങ്ങളും ഇക്കുറി വിജനമായി. കഴിഞ്ഞ രണ്ട് വർഷത്തെ കർക്കിടകത്തിലും പ്രളയം സംസ്ഥാനത്തെ സമൂഹബലി തർപ്പണ ചടങ്ങുകളെ ചെറിയ രീതിയിൽ ബാധിച്ചിരുന്നു.

പിതൃബലിയുടെ പ്രാധാന്യം

അദ്ധ്യാത്മരാമായണം അയോധ്യാകാണ്ഡത്തിൽ ദശരഥന്റെ മരണത്തെ തുടർന്ന് രാമലക്ഷ്മണാദികൾ ഗംഗയിൽ ഉദകക്രിയ ചെയ്യുന്ന രംഗമുണ്ട്. നാം ഏത് അന്നം ഭുജിക്കുന്നുവോ അത് പിതൃക്കളും ഭുജിക്കുന്നുവെന്ന് സ്മൃതികളെ ഉദ്ധരിച്ച് എഴുത്തച്ഛൻ പറയുന്നു. ഈശ്വരൻ, ധർമദൈവം എന്നിവയ്ക്ക് തുല്യം മൺമറഞ്ഞ പിതൃക്കളെ ഗുരുസ്ഥാനം നൽകി ആദരിക്കുന്ന പാരമ്പര്യമുണ്ട്. ദേവന്മാർക്ക് മുന്നേ പിതൃക്കളെ പ്രസാദിപ്പിക്കണമെന്നാണ് വിശ്വാസം. പുരാണകാലം മുതൽ അനുഷ്ഠിക്കുന്ന ആ കർമത്തിന് തലമുറകളുടെ പുണ്യമുണ്ടെന്നും കരുതുന്നു.

ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കർക്കടകവാവ്. ഈ സമയം സൂര്യൻ പിതൃലോകത്തിലേക്ക് കടക്കുമെന്നും പിതൃയാനത്തിനുള്ള പ്രവേശനകവാടമാണ് കർക്കടകവാവെന്നും വിശ്വാസമുണ്ട്. അതിനാലാണ് സാധാരണ ശ്രാദ്ധത്തിൽ നിന്നും വ്യത്യസ്തമായി പ്രധാന തീർഥഘട്ടങ്ങളിൽ കർക്കടകവാവിന് എല്ലാവരും ബലിയർപ്പിക്കുന്നത്. അത് പിതാ, പ്രപിതാ, പിതാമഹ പരമ്പരയിലേക്കുള്ള സമർപ്പണമാണ്. അറിയുന്നതും അറിയാത്തതുമായ പിതൃക്കളും സർവചരാചരങ്ങളും ഇതിലുൾപ്പെടും. അനന്തരതലമുറയുടെ ക്ഷേമൈശ്വര്യങ്ങൾക്കായുള്ള പ്രാർഥനയും അതിൽ അന്തർലീനമാകുന്നു.

ഭൂമിയിലെ ഒരു വർഷം പിതൃക്കളുടെ ഒരു ദിവസമെന്നാണ് പുരാണത്തിലുള്ളത്. മൺമറഞ്ഞവർക്ക് അനന്തരതലമുറ ചെയ്യുന്ന കർമമാണ് ശ്രാദ്ധം. ഓരോ വർഷവും മരിച്ച തിഥി, നക്ഷത്രം എന്നിവയിലാണ് ശ്രാദ്ധമൂട്ടുന്നത്. ഇതിന് സാധിക്കാതെ വരുന്നവർക്ക് വർഷത്തിലൊരിക്കൽ വരുന്ന കർക്കടകവാവ് നാളിൽ സകല പിതൃക്കളുടെയും ആത്മശാന്തിക്കായി തർപ്പണം നടത്താം.

പിതൃക്കൾ ഒരു കൂട്ടം ദേവകളെന്നാണ് മനുസ്മൃതിയിലുള്ളത്. സപ്തർഷികളാണ് പിതൃക്കളെ സൃഷ്ടിച്ചത്. പിതൃക്കൾക്കു വേണ്ടി ഉരുട്ടിവയ്ക്കുന്ന ചോറാണ് പിതൃപിണ്ഡം. ബലിച്ചോറുകൊണ്ട് പിതൃക്കൾ പ്രസന്നരായി, മരിച്ചവരുടെ ആത്മാക്കളെ അനുഗ്രഹിക്കുമെന്നാണ് ഈ വിശ്വാസം. മരിച്ചവരുടെ ആത്മാക്കൾക്ക് പിതൃക്കളിൽ നിന്നും അനുഗ്രഹം ലഭിക്കുന്നതിന് ചെയ്യുന്ന യജ്ഞമാണ് ശ്രാദ്ധമെന്ന് മഹാഭാരതം അനുശാസനപർവ്വത്തിലും പറയുന്നു.

Content Highlights; karkidaka vavu bali, balitharpanam at home

Content Highlights: