ഷിബിൻ വധക്കേസിൽ ലീഗ് പ്രവര്‍ത്തകരായ പ്രതികൾ കുറ്റക്കാർ; വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി തിരുത്തി

കൊല്ലപ്പെട്ട ഷിബിൻ, കേരള ഹൈക്കോടതി | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്, പി.ടി.ഐ
കൊല്ലപ്പെട്ട ഷിബിൻ, കേരള ഹൈക്കോടതി | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്, പി.ടി.ഐ

നാദാപുരം: തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി. സംഭവവുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ടിരുന്ന മുസ്ലീം ലീ​ഗ് പ്രവർത്തകരെ വിചാരണാകോടതി വെറുതെ വിട്ടിരുന്നു. എന്നാൽ ഇവർ കുറ്റക്കാരാണെന്ന് ഹൈക്കോടതി വിലയിരുത്തി. കേസിലുൾപ്പെട്ട 17 പ്രതികളിൽ എട്ടുപേർ കുറ്റക്കാരാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. 

ഷിബിൻ കൊലക്കേസുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളേയും സംശയത്തിന്റെ ആനുകൂല്യത്തിലാണ് വിചാരണാകോടതി വെറുതെവിട്ടിരുന്നത്.ഈ ഉത്തരവ് ഹൈക്കോടതി തിരുത്തിയിരിക്കുകയാണിപ്പോൾ. കേസിലെ 17 പ്രതികളിൽ ഒന്നുമുതൽ ആറുവരേയും 15, 16 പ്രതികൾളും കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരിക്കുകയാണ്. കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ടുപേരോടും ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചിരിക്കുകയാണ്. ഈ എട്ടുപേർക്കമുള്ള ശിക്ഷാവിധി പിന്നീട് പുറപ്പെടുവിക്കും.

കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെയും ഷിബിന്റെ മാതാപിതാക്കളുടേയും ഹർജി പരി​ഗണിച്ചുകൊണ്ടാണ് കോടതി വിചാരണാകോടതിവിധി തിരുത്തിയത്. ഹൈക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൂന്നാം പ്രതി അസ്ലം നേരത്തേ കൊല്ലപ്പെട്ടിരുന്നു. വിചാരണാകോടതി വെറുതെവിട്ടതിനുശേഷമായിരുന്നു ഇത്.

2015 ജനുവരി 22-നാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ഷിബിൻ കൊല്ലപ്പെട്ടത്. രാഷ്ട്രീവും വർഗീയവുമായ വിരോധത്താൽ ലീഗ് പ്രവർത്തകരായ പ്രതികൾ മാരകായുധങ്ങളുമായി ഷിബിൻ ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്. സംഭവത്തിൽ ആറു പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു.

Content Highlights: Kerala High Court on Thooneri Shibin Murder Case