‘മന്ത്രിപദവിയോ ചീഫ്‌ വിപ്പ് പദവിയോ നൽകാതെ അവഗണിച്ചു’; തോമസ് ഉണ്ണിയാടൻ MLA പാർട്ടിയുമായി ഇടയുന്നു

#വിനോയ് മാത്യു
തോമസ് ഉണ്ണിയാടൻ എംഎൽഎ
തോമസ് ഉണ്ണിയാടൻ എംഎൽഎ

തൃശ്ശൂർ: ഇരിങ്ങാലക്കുട എം.എൽ.എ.യും കേരള കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവുമായ തോമസ് ഉണ്ണിയാടൻ പാർട്ടിയുമായി ഇടയുന്നു. മന്ത്രിപദവിയോ ഭരണമുന്നണി ചീഫ്‌വിപ്പ്പദവിയോ നൽകാതെ അവഗണിച്ചുവെന്നാണ് ആക്ഷേപം. അദ്ദേഹത്തോട് അടുപ്പമുള്ളവർ ചേർന്ന് രൂപവത്കരിച്ച കേരള കോൺഗ്രസ് ജില്ലാ സൗഹൃദ വേദി എം.എൽ.എ.യ്ക്ക് ശനിയാഴ്ച തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വൻ സ്വീകരണമൊരുക്കുകയാണ്. ഉണ്ണിയാടന്റെ നിയമസഭാംഗത്വത്തിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായാണ് സ്വീകരണമെന്നാണ് പറയുന്നതെങ്കിലും അദ്ദേഹത്തിന്റെ ശക്തിപ്രകടനമാണ് യഥാർഥ ലക്ഷ്യം.

സംസ്ഥാനമൊട്ടാകെയുള്ള ഉണ്ണിയാടന്റെ അനുയായികൾ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും എല്ലാ ജില്ലകളിലും സ്വീകരണം വേണമെന്ന് അവർ ആവശ്യപ്പെടുന്നുണ്ടെന്നും പരിപാടിയുടെ മുഖ്യ സംഘാടകനും പാർട്ടി ജില്ലാ സെക്രട്ടറിയുമായ സേതുമാധവൻ പറയംവളപ്പിൽ പറയുന്നു. ‘‘ഏറ്റവും മുതിർന്ന നേതാവായ അദ്ദേഹത്തെ പാർട്ടി വേണ്ടരീതിയിൽ പരിഗണിച്ചില്ലെന്ന് ഞങ്ങൾക്കു പരാതിയുണ്ട്. ഇടതു കോട്ടയായ ഇരിങ്ങാലക്കുടയിൽ നാലാംതവണയും ജയിച്ചത് ജനങ്ങളുമായി അദ്ദേഹത്തിന് ആഴമേറിയ ബന്ധമുള്ളതുകൊണ്ടാണ്. സ്വീകരണത്തിൽ പാർട്ടിയുടെ സംസ്ഥാനനേതാക്കൾ വന്നില്ലെങ്കിലും കോൺഗ്രസിന്റെ മുതിർന്ന നേതാവായ തേറമ്പിൽ രാമകൃഷ്ണൻ, ജില്ലാകോൺഗ്രസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്, രാജൻ പല്ലൻ എം.എൽ.എ. തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.’’ സേതുമാധവൻ വെളിപ്പെടുത്തി.

കുറച്ചു കാലമായി ഉണ്ണിയാടൻ പിണക്കത്തിലായിരുന്നു. ഓഗസ്റ്റ്‌ 30-ന് തൃശ്ശൂരിൽ നടന്ന പാർട്ടി ജില്ലാക്കമ്മിറ്റിയോഗത്തിൽ മുഖ്യപ്രഭാഷകനായി പേരു വെച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. യോഗം ഉദ്ഘാടനംചെയ്ത പാർട്ടി സംഘടനാ ജനറൽസെക്രട്ടറി ജോയി അബ്രഹാം, ഉണ്ണിയാടനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസുമായും ഉണ്ണിയാടൻ നല്ല ബന്ധത്തിലല്ല. ഉണ്ണിയാടൻ പാർട്ടിക്കു കീഴ്‌പ്പെട്ടു നിൽക്കുന്നില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ പരാതി. തൃശ്ശൂരിൽനിന്നുള്ള സംസ്ഥാന വൈസ്ചെയർമാൻ എം.പി. പോളി, ഉന്നതാധികാരസമിതിയംഗം ജോസ് തുടങ്ങിയവരും അദ്ദേഹത്തിന്റെ പക്ഷത്തല്ല.

കേരള കോൺഗ്രസിന് ഉണ്ണിയാടൻ അടക്കം ഏഴ് എം.എൽ.എ.മാരുണ്ട്. മന്ത്രി മോൻസ് ജോസഫാണ് നിയമസഭാ കക്ഷി നേതാവ്. പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ ജോസഫ് ചീഫ്‌ വിപ്പും. രണ്ടാം മന്ത്രി സ്ഥാനം പാർട്ടിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും അതിന് ഉണ്ണിയാടനെ പരിഗണിച്ചിരുന്നെന്നും സംസ്ഥാന നേതൃത്വം പറയുന്നു.

സ്നേഹാദരം മൂന്നുമണിക്ക്

തൃശ്ശൂർ: തോമസ് ഉണ്ണിയാടൻ നിയമസഭാംഗമായതിന്റെ 25-ാം വാർഷികം ആഘോഷിക്കാൻ കേരളാ കോൺഗ്രസ് ജില്ലാ സൗഹൃദ കൂട്ടായ്മ സ്നേഹാദരവ് എന്ന പേരിൽ ഒരുക്കുന്ന പരിപാടി 18 ന് 3 മണിക്ക് സാഹിത്യ അക്കാദമിഹാളിലാണ്. കേരളത്തിന്റെ പൊതുരംഗത്തും തൃശ്ശൂർ ജില്ലയുടെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിലും നിറസാന്നിദ്ധ്യമായ അദ്ദേഹം കക്ഷിരാഷ്ട്രീയത്തിനതീതമായി സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. പി.ജെ.ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിനെ യു.ഡി.എഫിന്റെ ഭാഗമാക്കുന്നതിലും അതുവഴി പാർട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. കോഓഡിനേറ്റർമാരായ സേതുമാധവൻ പറയംവളപ്പിൽ, വിൽസൻ മേച്ചേരി, അഡ്വ. സജി റാഫേൽ, ജോൺ മുണ്ടൻ മാണി, ജോയ് എടാട്ടുകാരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Content Highlights: Thomas Unniyadan MLA expressed dissatisfaction with Kerala Congress leadership over being denied key cabinet or Chief Whip roles. His supporters have scheduled a major convention at Thrissur Sahitya Akademi Hall.