മുൻ എംപി തോമസ് കുതിരവട്ടം അന്തരിച്ചു

ചെങ്ങന്നൂർ :കേരള കോൺഗ്രസിന്റെ അതികായകരിൽ ഒരാളും മുൻ എം.പി.യുമായ കല്ലിശ്ശേരി പണിക്കരുവീട്ടിലായ കുതിരവട്ടത്ത് തോമസ് കുതിരവട്ടം (80)അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെങ്ങന്നൂർ കല്ലിശ്ശേരിയിലെ വീട്ടിലായിരുന്നു അന്ത്യം. 1985-1991 കാലഘട്ടത്തിൽ രാജ്യസഭാംഗമായിരുന്നു. ബോഫോഴ്‌സ് ഇടപാടിനെക്കുറിച്ച് അന്വേഷിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റി ഉൾപ്പെടെ വിവിധ പാർലമെന്ററി കമ്മിറ്റികളിൽ അംഗമായിരുന്നു. മലങ്കര ഓർത്തഡോക്‌സ് സഭ മാനേജിങ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. അവിഭക്ത കേരള കോൺഗ്രസിന്റെ വർക്കിങ് ചെയർമാൻ, ദീർഘകാലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 70കളിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ ശക്തനായ വക്തവായി മാറി. കെ.എം.മാണിയുടെ വിശ്വസ്തനായിരുന്നു അദ്ദേഹം. ചന്ദ്രശേഖർ മന്ത്രിസഭയുടെ കാലത്ത് കേന്ദ്ര മന്ത്രിപദത്തിലേക്ക് പരിഗണിച്ചെങ്കിലും സ്ഥാനം ലഭിച്ചില്ല.
1945 ജൂൺ ഒന്നിന് കല്ലിശ്ശേരി കുതിരവട്ടത്ത് തോമസ് വർഗീസിന്റെയും അന്നമ്മ വർഗീസിന്റെയും മകനായിട്ടാണ് ജനനം. കല്ലിശ്ശേരി എൽ.പി.എസ്., കല്ലിശ്ശേരി ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശ്ശേരി എസ്.ബി കോളേജിൽനിന്ന് പ്രീഡിഗ്രിയും ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളേജിൽനിന്ന് ബിരുദവും കരസ്ഥമാക്കി. 12ാം വയസ്സിൽ വിമോചനസമരത്തിൽ പങ്കെടുത്തു. കെ.എസ്.യുവിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായി. പ്രഥമാധ്യാപകനെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് സമരംചെയ്ത് നേതൃനിരയിലെത്തി. കേരള കോൺഗ്രസ് രൂപവത്കരിച്ചപ്പോൾ അതിന്റെ വിദ്യാർഥി പ്രസ്ഥാനമായ കെ.എസ്.സി.യിൽ ചേർന്ന് പ്രവർത്തിച്ച് സംസ്ഥാന സെക്രട്ടറിയായും പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. യൂത്ത്ഫ്രണ്ടിലൂടെ കേരള കോൺഗ്രസിന്റെ സജീവ പ്രവർത്തകനായി. 1980-ൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായി ചെങ്ങന്നൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു.1985 -ൽ കേരള കോൺഗ്രസ് (എം) പ്രതിനിധിയായി രാജ്യസഭയിലെത്തി.1991-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സമാജ് വാദി ജനതാപാർട്ടി ടിക്കറ്റിൽ മാവേലിക്കരയിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിച്ചു. 1996 -ൽ പത്തനാപുരത്തുനിന്ന് കേരള കോൺഗ്രസ് (ബി) സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല.
2010 മുതൽ സജീവ രാഷ്ട്രീയത്തിൽനിന്ന് ക്രമേണ പിൻവലിഞ്ഞ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ മാനേജിങ് കമ്മിറ്റിയംഗമായി 25 വർഷം പ്രവർത്തിച്ചു. ആ സമയത്താണ് ചെങ്ങന്നൂർ ഭദ്രാസനം ഉണ്ടാക്കുന്നതിന് തുടക്കംകുറിച്ചത്. മലങ്കര ഓർത്തഡോക്സ് സഭയുടെ ആർദ്ര ചാരിറ്റബിൾ സൊസൈറ്റി അംഗമായും ട്രഷററായും പ്രവർത്തിച്ചു.ഭാര്യ: നരിയാപുരം മാടമ്പിൽ പറമ്പിൽ ലിസി തോമസ്. മക്കൾ: ജൂണി കുതിരവട്ടം (കേരള കോൺഗ്രസ് ഉന്നതാധികാരസമിതിയംഗം), റോണി തോമസ്, ആനി തോമസ്, ടോണി കുതിരവട്ടം (തിരുവൻവണ്ടൂർ പഞ്ചായത്തംഗം).മരുമക്കൾ:അഡ്വ.ഷീനാ ജൂണി,മഹേഷ് ഹരിലാൽ,സഞ്ജയ് എം.കൗൾ (എം.ഡി ആൻഡ് സി.ഇ.ഒ. ഗിഫ്റ്റ് സിറ്റി, ഗുജറാത്ത്), ജിഷ ടോണി.സംസ്‌കാരം പിന്നീട്.
Content Highlights: Veteran Kerala Congress(M) leader and former Rajya Sabha MP, Thomas Kuthiravattom (80), passed away due to age-related ailments. A founding leader of KSC.