കുട്ടനാട്ടിൽ മത്സരിക്കുമെന്ന് തോമസ് കെ. തോമസ്; ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി

തോമസ് കെ.തോമസ്
തോമസ് കെ.തോമസ്

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ മത്സരിക്കുമെന്ന് തോമസ് കെ. തോമസ് എം.എൽ.എ. പറഞ്ഞു. എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരദ് പവാർ ഇക്കാര്യം ആവശ്യപ്പെട്ടെന്നു തോമസ് കെ. തോമസ് ഞായറാഴ്ച അറിയിക്കുകയായിരുന്നു. ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു ഇത്.

സി.പി.എം. സ്ഥാനാർഥികളെക്കുറിച്ചു ചിന്തിച്ചിരിക്കുന്നതിനിടയിലാണ് എം.എൽ.എ.യുടെ നിലപാടെത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ഘടകകക്ഷികൾ അനുവദിച്ചാലല്ലാതെ സിറ്റിങ് സീറ്റുകൾ ഏറ്റെടുക്കാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ എൻ.സി.പി.യുടെ സിറ്റിങ് സീറ്റായ കുട്ടനാട്‌ വിട്ടുകൊടുക്കാനുള്ള സാധ്യത വിരളമാണെന്നാണ് എൻ.സി.പി പ്രവർത്തകർ പറയുന്നത്.

തോമസ് കെ. തോമസ് എൻ.സി.പി. സംസ്ഥാന പ്രസിഡന്റുകൂടിയായതിനാൽ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കം മുളയിലേ നുള്ളിക്കളയാനാകുമെന്നു നേതാക്കൾ പറഞ്ഞു.

തോമസ് കെ. തോമസ് മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളിൽ ശ്രദ്ധിക്കാതെ വിവാദങ്ങൾക്കു പുറകേയാണെന്നു സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു.

എ.കെ. ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന് എൻ.സി.പി. സംസ്ഥാന പ്രസിഡന്റായിരുന്ന പി.സി. ചാക്കോ ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതിച്ചില്ല. ഇതേത്തുടർന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സി.പി.എം. നേതാക്കളുമായി ഏറെനാൾ പിണക്കത്തിലായിരുന്നു തോമസ് കെ. തോമസ്. എന്നാൽ, പിന്നീട് അദ്ദേഹം മുഖ്യമന്ത്രിയെ പുകഴ്ത്തിക്കൊണ്ടു രംഗത്തുവരുകയും ചെയ്തു. ഇതിനിടയിൽ പി.സി. ചാക്കോയെ മാറ്റി പാർട്ടിയുടെ സംസ്ഥാന അധ്യക്ഷപദവിയിലുമെത്തി.

തദ്ദേശതിരഞ്ഞെടുപ്പിൽ കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിൽ എട്ടിലും യു.ഡി.എഫ്. വൻ മുന്നേറ്റം നടത്തിയതും സി.പി.എമ്മിനു തിരിച്ചടിയായി. പതിറ്റാണ്ടുകളായി കൈവശംവെച്ചിരുന്ന കൈനകരി പഞ്ചായത്തുൾപ്പെടെയാണു നഷ്ടപ്പെട്ടത്. ഇതിന്റെ ക്ഷീണവും നിയമസഭാതിരഞ്ഞെടുപ്പിലെ സീറ്റ് അവകാശവാദത്തിനു വിനയാകുമെന്ന്‌ എൻ.സി.പി. നേതാക്കൾ പറഞ്ഞു.

തദ്ദേശതിരഞ്ഞെടുപ്പിൽ കുട്ടനാട്‌ മേഖലയിൽ കിട്ടിയ വൻവിജയത്തിന്റെ ആഹ്ലാദത്തിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന വാദം യു.ഡി.എഫിലും ഉയർന്നിട്ടുണ്ട്. എന്നാൽ, കേരള കോൺഗ്രസ് ജോസഫ് വിഭാഗം സീറ്റുറപ്പിച്ചു സ്ഥാനാർഥിയെ നിശ്ചയിച്ച് പ്രവർത്തിച്ചുതുടങ്ങി. പ്രവാസി വ്യവസായി റെജി ചെറിയാനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിലാണവർ.

Content Highlights: thomas k thomas to contest in kuttanad constituency