കോളേജിലെ ലോഹമണി അടിച്ചുമാറ്റി ആദ്യബാച്ചിലെ വിദ്യാര്‍ഥിസംഘം; 28 കൊല്ലത്തിനു ശേഷം തിരിച്ചേല്‍പിച്ചു

മുട്ടം (ഇടുക്കി): കോളേജിലെ 'സ്ഥിരം ശത്രു'വായ ലോഹമണി അടിച്ചുമാറ്റി. 28 വര്‍ഷം അത് ഭദ്രമായി വീട്ടില്‍ സൂക്ഷിച്ചു. ഒടുവില്‍ 'മാധവനെടുത്തതൊന്നും ചേക്കുവിട്ട് പുറത്തുപോയിട്ടില്ലെന്ന്' പറഞ്ഞ് അത് പ്രിന്‍സിപ്പലിനെ തിരികെ ഏല്‍പ്പിച്ചു. ഒരു സിനിമാക്കഥപോലെ തോന്നും. എന്നാല്‍ ഇത് നടന്ന സംഭവം. തൊടുപുഴ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എന്‍ജിനിയറിങ് കോളേജിന്റെ പ്രഥമ ബാച്ച് പൂര്‍വ വിദ്യാര്‍ഥി സംഗമത്തിലാണ് തൊണ്ടിമുതലായ മണിയുമായി പ്രതികള്‍ നേരിട്ട് ഹാജരായത്.
സംഭവം ഇങ്ങനെ-കോളേജിന്റെ ആദ്യ ബാച്ച് വിദ്യാര്‍ഥികളുടെ ഒത്തുചേരല്‍ തൊടുപുഴ മാടപ്പറമ്പ് റിസോര്‍ട്ടില്‍ നടക്കുന്നു. അന്നത്തെ പ്രിന്‍സിപ്പല്‍ പ്രൊഫ. പി.വി. ആന്റണി അടക്കം പത്ത് അധ്യാപകരും നൂറ് പൂര്‍വ വിദ്യാര്‍ഥികളും ഓര്‍മ്മകളൊക്കെ പങ്കുവെച്ചു. പെട്ടെന്ന് അതുവരെ പരിപാടി നിയന്ത്രിച്ചിരുന്ന അനുരാധ, മൈക്ക് പൂര്‍വവിദ്യാര്‍ഥി മിഥുന് കൈമാറി. കോളേജിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഇവിടെ പറഞ്ഞുകേട്ടു. അതിനാല്‍ ഒരു ഉപഹാരം സമ്മാനിക്കാനായി മൂന്നുപേരെ വേദിയിലേക്ക് ക്ഷണിക്കുന്നെന്ന് പറഞ്ഞു. ഏറ്റുവാങ്ങാനായി ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ഡോ. വി.ജി. ഗീതമ്മടീച്ചറെയും വിളിച്ചു. ഇവര്‍ വേദിയിലെത്തി. എല്ലാവരും ആകാംക്ഷയോടെ നോക്കി .'ഈ പൊതിയില്‍ പണ്ട് കോളേജില്‍നിന്ന് കവര്‍ന്ന ലോഹമണിയാണ്. അത് കോളേജിന് തിരികെ നല്‍കുകയാണെന്ന് ഇവര്‍ വെളിപ്പെടുത്തി. പ്രിന്‍സിപ്പല്‍ ഗീതമ്മ, ആ ഉപഹാരം അന്നത്തെ പ്രിന്‍സിപ്പല്‍ പി.വി. ആന്റണിക്ക് കൈമാറി.
'ഒന്നാംപ്രതി' പ്രദീപ് ജോയി സംഭവം ഏറ്റുപറഞ്ഞു. കോളേജില്‍ ഏറ്റവും തൊന്തരവ് ഉണ്ടാക്കിയ സാധനമായിരുന്നു ഈ മണി. ഇതു കാരണമല്ലേ, എന്തുകൊണ്ട് താമസിച്ചുപോയി എന്നതിന് വിശദീകരണം നല്‍കേണ്ടിവന്നത്. താമസിച്ച് എത്തിയപ്പോള്‍ ഒരിക്കല്‍ ക്ലാസില്‍ കയറ്റിയില്ല. അതിന് പ്രതികാരംചെയ്തത് മണി അടിച്ചുമാറ്റിക്കൊണ്ടായിരുന്നു. അന്നുമുതല്‍ ഇന്നുവരെ കണ്ണൂരിലെ വീട്ടില്‍ ഭദ്രമായി സൂക്ഷിച്ചു. എന്നെങ്കിലും തിരികെ നല്‍കണമെന്നും കരുതിയിരുന്നു.
പക്ഷേ, അന്ന് മണി എടുത്തതുകൊണ്ട് ഫലമുണ്ടായില്ല. പിറ്റേന്നുതന്നെ കോളേജില്‍ ഇലക്ട്രിക് ബെല്‍ വന്നു. കൂട്ടുപ്രതികളുടെ പേരും പ്രദീപ് വെളിപ്പെടുത്തി. കോളേജിന്റെ മണി മോഷ്ടിച്ച സംഘത്തോട് ക്ഷമിച്ചിരിക്കുന്നുവെന്ന് അന്നത്തെ പ്രിന്‍സിപ്പല്‍ ആന്റണി അറിയിച്ചതോടെ കേസ് തീര്‍പ്പായി. വിവിധ ക്ലാസുകളെ പ്രതിനിധീകരിച്ച് പൂര്‍വ വിദ്യാര്‍ഥികളായ വിനീത് സൈമണ്‍, അരുണ്‍ ടി, മിഥുന്‍, അധ്യാപകരായ ഡോ. പി.സി.നീലകണ്ഠന്‍, പി.എം.സിബു, ബിന്ദു ബേബി, ബി.ലതാകുമാരി എന്നിവര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു.
Content Highlights: thodupuzha university college of engineering student alumni meet the stolen bell returned