എംഎൽഎ, മന്ത്രി, പാർട്ടിച്ചുമതലകൾ; ഇനി സഭാനാഥന്റെ റോളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ

പതിനാറാം നിയമസഭയുടെ നാഥനായി കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോൺഗ്രസിന്റെ മുതിർന്ന നേതാവായ ഇദ്ദേഹം, മികച്ച സംഘാടകൻ കൂടിയാണ്. 1991 മുതൽ നിയമസഭാംഗമായ തിരുവഞ്ചൂരിന്റെ എംഎൽഎ എന്ന നിലയ്ക്കും പിന്നീട് മന്ത്രിയെന്ന നിലയ്ക്കുമുള്ള പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. 2004,2011 ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
101 വോട്ടുകൾ നേടിയാണ് തിരുവഞ്ചൂർ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. 35 അംഗങ്ങൾ എ.സി. മൊയ്തീനെയും മൂന്നുപേർ ബി.ബി. ഗോപകുമാറിനെയും പിന്തുണച്ചു. 139 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രോ ടേം സ്പീക്കറായതിനാൽ ജി. സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല. സിപിഎമ്മിന്റെ എ.സി. മൊയ്തീനും ബിജെപിയുടെ ബി.ബി. ഗോപകുമാറുമായിരുന്നു എൽഡിഎഫിനും യുഡിഎഫിനും വേണ്ടി മത്സരിച്ചത്. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലാദ്യമായി മൂന്ന് പാർട്ടിയുടെ സ്ഥാനാർഥികൾ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ചുവെന്നതും പ്രത്യേകതയായിരുന്നു.
കോട്ടയത്തെ തിരുവഞ്ചൂർ സ്വദേശിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനത്തിലേക്ക് എത്തുന്നത്. ബാലജനസഖ്യം, കെഎസ്‌യു, യൂത്ത് കോൺഗ്രസ് എന്നിവയിലും സജീവമായിരുന്നു. 1967-ൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അതേകൊല്ലം തന്നെ സംഘടയുടെ പ്രസിഡന്റുമായി. 1978-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തെത്തി. 1984 മുതൽ 2001 വരെ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു.
2004-ലാണ് തിരുവഞ്ചൂർ ആദ്യമായി മന്ത്രിപദത്തിലെത്തുന്നത്. അക്കാലത്ത് ആരോഗ്യം, വനം, പാർലമെന്ററി കാര്യം, ജലസേചനം-ജലവിഭവം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. 2011-ലെ ഉമ്മൻചാണ്ടി സർക്കാരിൽ ആഭ്യന്തരം, റവന്യൂ, വനം, സിനിമ തുടങ്ങിയ വകുപ്പുകൾ വ്യത്യസ്ത ടേമുകളിൽ കൈകാര്യം ചെയ്തിട്ടുണ്ട്. 1991-ൽ അടൂർ മണ്ഡലത്തിൽനിന്നാണ് ആദ്യം സഭയിലെത്തിയത്. 2006-വരെ അടൂരിന്റെ സ്വന്തം എംഎൽഎ. തുടർന്ന് അടൂർ സംവരണമണ്ഡലമായതോടെ കോട്ടയത്തേക്ക്. 2011 മുതൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ മികച്ചവിജയം നേടി.
കേരളരാഷ്ട്രീയത്തിൽ ഏറെ വിവാദമുണ്ടാക്കിയ പല കേസുകളിലും ആഭ്യന്തരമന്ത്രിയായിരിക്കെ ഉറച്ചനിലപാടാണ് തിരുവഞ്ചൂർ സ്വീകരിച്ചത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് ഇതിനുദാഹരണമാണ്. അന്ന് പോലീസ് പരിശോധന കർശനമാക്കണമെന്ന തിരുവഞ്ചൂരിന്റെ നിർദേശമാണ് ടി.പിയെ കൊലപ്പെടുത്തിയ സംഘത്തെ അതിർത്തി കടക്കാൻ സംഘടിപ്പിച്ച വാഹനം ഉപേക്ഷിക്കാൻ നിർബന്ധിതരാക്കിയത്. കണ്ണൂർ ചൊക്‌ളിയിലെ ഇഷ്ടികക്കളത്തിൽ ഉപേക്ഷിക്കപ്പെട്ട ഈ വാഹനം പിന്നീട് അന്വേഷണത്തിൽ നിർണായകമായി മാറി.
102 അംഗങ്ങളുമായി വൻവിജയം നേടിയാണ് യുഡിഎഫ് ഇക്കുറി അധികാരത്തിലെത്തിയത്. 35 അംഗങ്ങളാണ് എൽഡിഎഫിനുള്ളത്. എൻഡിഎയ്ക്ക് മൂന്ന് അംഗങ്ങളും. യുഡിഎഫ് സർക്കാരിന്റെ മന്ത്രിമാരെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ തിരുവഞ്ചൂരിന്റെ പേരും ആദ്യഘട്ടത്തിൽ ഉയർന്നുകേട്ടിരുന്നു. അദ്ദേഹവും അതിനോട് താല്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് സൂചനകൾ. എന്നാൽ സഭയെ നിയന്ത്രിക്കാൻ അനുഭവസമ്പത്തുള്ള മുതിർന്ന നേതാവുവേണം എന്ന തീരുമാനത്തിൽ അദ്ദേഹം സ്പീക്കർസ്ഥാനത്തേക്ക് എത്തുകയായിരുന്നു.
നാല് പത്രികകളാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെ നാമനിർദേശം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ടത്. അവ: വി.ഡി. സതീശൻ നാമനിർദേശം ചെയ്യുകയും സണ്ണി ജോസഫ് പിന്താങ്ങിക്കൊണ്ടുള്ളത്, പി.കെ. കുഞ്ഞാലിക്കുട്ടി നിർദേശിക്കുകയും പി.കെ. ബഷീർ പിന്താങ്ങിയും, മോൻസ് ജോസഫ് നിർദേശിക്കുകയും അനൂപ് ജേക്കബ് പിന്താങ്ങുകയും, ഷിബു ബേബി ജോൺ നാമനിർദേശം ചെയ്യുകയും സി.പി. ജോൺ പിന്താങ്ങുകയും ചെയ്തത്.
Content Highlights: Thiruvanchoor Radhakrishnan elected as Speaker of the 16th Kerala Legislative Assembly., Secured 101 votes in a three-way contest against A.C. Moideen and B.B. Gopakumar., First time in Kerala history that candidates from three parties contested for the Speaker post., Veteran leader with extensive ministerial experience in 2004 and 2011 Oommen Chandy cabinets., Long-standing political career spanning from KSU leadership to senior cabinet roles.