തിരുവനന്തപുരം മൃഗശാല കാടിനോട് ചേർന്ന മേഖലയിലേക്ക് മാറ്റണം, ആ സ്ഥലം മനോഹരമായ സ്ക്വയറാക്കണം; നിർദേശവുമായി മുഖ്യമന്ത്രി

#ന്യൂസ് ഡെസ്ക്
വി.ഡി. സതീശൻ | Photo: Mathrubhumi
വി.ഡി. സതീശൻ | Photo: Mathrubhumi

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പ്രവർത്തിക്കുന്ന മൃഗശാല അവിടെത്തന്നെ നിലനിർത്തേണ്ടതുണ്ടോയെന്ന് ചോദിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ, അത് നെയ്യാറിലേക്കോ മറ്റോ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. മൃഗശാല മാറ്റിസ്ഥാപിച്ച ശേഷം നിലവിലെ ആ സ്ഥലം മാഡിസൺ സ്ക്വയർ പോലെയോ പ്രാഗിലെ സ്ക്വയർ പോലെയോ അതിമനോഹരമായ ഒരു സ്ക്വയറാക്കി മാറ്റണമെന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം.

മൃഗശാല നിലവിൽ നഗരമധ്യത്തിൽ പ്രവർത്തിക്കുന്നത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ മൃഗത്തിനും അവരുടേതായ സ്വാഭാവിക വാസസ്ഥലമുണ്ടെന്നും, അതിനാൽ നെയ്യാർ പോലെയോ അല്ലെങ്കിൽ അതുപോലെയുള്ള മറ്റ് വനമേഖലകളിലേക്കോ മൃഗശാല മാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. 'റീഇമാജിനിങ് കേരള' പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തലസ്ഥാന നഗരത്തിലേക്ക് എത്തുന്ന ആളുകൾക്കുള്ള പ്രധാന കേന്ദ്രമായി ഈ സ്ഥലത്തെ മാറ്റിയെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ആളുകൾ വന്നു കഴിഞ്ഞാൽ എല്ലാം കാണാൻ കഴിയുന്ന രീതിയിലുള്ള അതിമനോഹരമായ ഒരിടമായി ഇതിനെ മാറ്റുകയാണ് ലക്ഷ്യം. തന്റെ സ്വപ്ന പദ്ധതിയാണിതെന്നും ബജറ്റിൽ ഉൾപ്പെടാത്ത ഈ ആഗ്രഹം ആദ്യമായാണ് പൊതുസമക്ഷം തുറന്നുപറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.