നിയന്ത്രണംവിട്ട ടിപ്പർ ബൈക്കിലും കാറിലും ഇടിച്ചു; ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് നാഗരുകുഴിയിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറി ബൈക്കിലും കാറിലും ഇടിച്ച് രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ(22), കാട്ടാക്കട സ്വദേശിനി ജൂലി ഇഗ്നേഷ്യസ് (22) എന്നിവരാണ് മരിച്ചത്. അപകടത്തിൽ കാർ യാത്രക്കാരായ യാസിർ, റിഷിൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാഗരുകുഴി പിരപ്പൻകോട് റോഡിലാണ് അപകടമുണ്ടായത്. പാറകയറ്റി പിരപ്പൻകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ കയറ്റം കയറുന്നതിനിടെ നിയന്ത്രണംവിട്ട് പിറകിലേക്ക് വരികയായിരുന്നു. തുടർന്നാണ് ബൈക്കിലും കാറിലും ഇടിച്ചത്.
അപകടത്തിൽപ്പെട്ട കാറിൽനിന്ന് ഒരു യാത്രക്കാരനെ അപ്പോൾത്തന്നെ ചില്ല് പൊട്ടിച്ച് പുറത്തെത്തിച്ചിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, കാറോടിച്ചിരുന്നയാളെ രണ്ടുമണിക്കൂറോളം നീണ്ട പരിശ്രമത്തിനുശേഷമാണ് പുറത്തെടുക്കാനായത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.
കാറിൽ യാത്രചെയ്തിരുന്ന യാസിറും റിഷിനും മലപ്പുറം കക്കോവ് പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസിലെ അധ്യാപകരാണ്. തിരുവനന്തപുരത്തുനിന്ന് അഞ്ചുലക്ഷം രൂപയ്ക്ക് യൂസ്ഡ് കാർ വാങ്ങി മലപ്പുറത്തേക്ക് മടങ്ങുകയായിരുന്നു ഇരുവരും.
അപകടത്തിൽ മരിച്ച ബൈക്ക് യാത്രക്കാരായ ആദിത്യനും ജൂലിയും വിദ്യാർഥികളാണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ ബി.എ. ഇക്കണോമിക്‌സ് വിദ്യാർഥിനിയാണ് ജൂലി.
ആറ്റിങ്ങൽ ഡിവൈഎസ്പിയും വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടറും വെഞ്ഞാറമൂട് അഗ്നിരക്ഷാ യൂണിറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തെത്തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വെഞ്ഞാറമൂട് മേൽപ്പാലം പണി നടക്കുന്നതിനാൽ കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇതുവഴിയാണ് കടത്തിവിടുന്നത്.
Content Highlights: Two fatalities reported in a tipper lorry collision at Nagarakuzhi., Victims identified as college students Aditya and Julie Ignatius., Two teachers injured critically while returning from buying a used car., Rescue operations conducted by Venjaramoodu police and fire force., Traffic disruption due to ongoing bridge construction work in the area.