തോട്ടിലേക്ക് ഓട്ടോ മറിഞ്ഞു; ഒഴുക്കിൽപെട്ട് കാണാതായ ഡ്രൈവർക്കായി തിരച്ചിൽ

തിരുവനന്തപുരം : തിരുവനന്തപുരം വെമ്പായത്ത് തോട്ടിലേക്ക് ഓട്ടോ മറിഞ്ഞു. ഒഴുക്കിൽപ്പെട്ട് കാണാതായ ഡ്രൈവർക്കായി തിരച്ചിൽ നടക്കുകയാണ്. കനത്ത മഴയിൽ നിറഞ്ഞു കവിഞ്ഞു കിടന്ന തോടിന് സമീപത്തെ റോഡിലൂടെ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് തോട്ടിലേക്ക് മറിഞ്ഞത്.
ഓട്ടോ ഡ്രൈവർ കുറ്റിയാണി സ്വദേശി വിദ്യാധരനെ(67) ആണ് കാണാതായത്. വിദ്യാധരനോടൊപ്പം യാത്ര ചെയ്ത ഭാര്യയും മുൻ പഞ്ചായത്ത് അംഗവുമായ ലതകുമാരി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. വേറ്റിനാട് കുറ്റിയാണി റോഡിൽ ചിറക്കോണം തോടിൻ്റെ കൈവഴിയിൽ ഞായറാഴ്ച വൈകിട്ട് ആറോടെയാണ് അപകടം നടന്നത്. വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.
കനത്ത മഴയെത്തുടർന്ന് തോട് നിറഞ്ഞുകവിഞ്ഞു റോഡ് വെള്ളത്തിനടിയിലായിരുന്നു. ഇതു കാരണം റോഡും തോടും തിരിച്ചറിയാൻ കഴിയാതെയാണ് ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടത്. ഓട്ടോറിക്ഷ തോട്ടിലേക്കു ചരിഞ്ഞപ്പോൾ പിൻ സീറ്റിൽ ഇരുന്ന ലതകുമാരി റോഡിലേക്കും ഓട്ടോറിക്ഷയ്ക്കൊപ്പം വിദ്യാധരൻ തോട്ടിലേക്കും മറിഞ്ഞു. ഒരാൾ പൊക്കത്തിൽ വെള്ളം പൊങ്ങിയതിനാൽ നാട്ടുകാർക്ക് രക്ഷാപ്രവർത്തനം നടത്താനായില്ല. നെടുമങ്ങാട് വെഞ്ഞാറമൂട് എന്നീ യൂണിറ്റുകളിൽ നിന്ന് അഗ്നി രക്ഷാസേന എത്തി രാത്രി വൈകിയും തിരച്ചിൽ നടത്തി വരുകയാണ്. അപകടം നടന്ന സ്ഥലത്ത് നിന്നും തിരച്ചിൽ ഏകദേശം മൂന്ന് കിലോമീറ്റർ ഓളം പിന്നിട്ടു ഇതുവരെയും അപകടത്തിൽപ്പെട്ട ആളെ കണ്ടെത്താനായിട്ടില്ല
Content Highlights: An autorickshaw plunged into a stream in Vembayam, Thiruvananthapuram, amid heavy rainfall.Search and rescue operations are underway to locate the missing driver.