തിരുവനന്തപുരത്ത് പ്രതിവർഷം സംസ്കരിക്കുന്നത് അറുപതിലേറെ അജ്ഞാത മൃതദേഹങ്ങൾ, പഠനത്തിനും ഉപയോഗിക്കും

#ആർ. ആതിര
ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി
ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ജില്ലയിൽ പ്രതിവർഷം തിരിച്ചറിയപ്പെടാതെ സംസ്കരിക്കപ്പെടുന്നത് അറുപതിലേറെ മൃതദേഹങ്ങൾ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആഴ്ചകളോളം സൂക്ഷിച്ചശേഷമാണു സംസ്കരിക്കുന്നത്. കഴിഞ്ഞവർഷം മേയ്‌മുതൽ ഈ വർഷം മേയ്‌വരെ 63 മൃതദേഹങ്ങളാണ് ‘അജ്ഞാതം’ എന്നപേരിൽ മെഡിക്കൽ കോളേജിലെ മോർച്ചറിയിലെത്തിയത്. റോഡ് അപകടത്തിലും കുഴഞ്ഞുവീണും പോലീസ് എത്തിച്ചശേഷം ചികിത്സയ്ക്കിടെ മരിച്ചവരും തെരുവിൽ മരിച്ചുകിടന്നവരും ഇക്കൂട്ടത്തിൽപ്പെടുന്നു.

നിലവിൽ ഇരുപതോളം മൃതദേഹങ്ങളാണ് മോർച്ചറിയിലുള്ളത്. പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കളെ കണ്ടെത്താൻ കഴിയാത്തവയാണ് അജ്ഞാത മൃതദേഹമായി സംസ്കരിക്കപ്പെടുന്നത്. ശാന്തികവാടത്തിലാണ് സംസ്കാരം. ജീവനക്കാരെത്തി ഒന്നുമുതൽ നാലു മൃതദേഹങ്ങൾവരെ ഒരേസമയം സംസ്കരിക്കുന്നതിനായി കൊണ്ടുപോവുകയാണ് പതിവ്. 50 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാരുടേതാണ് അജ്ഞാത മൃതദേഹങ്ങളിലേറെയും.

മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനായി 48 മോർച്ചറി ചേംബറുകളാണ് മെഡിക്കൽ കോളേജിലുള്ളത്. നാല്‌ ഡിഗ്രിക്കും എട്ട്‌ ഡിഗ്രിക്കും ഇടയിലുള്ള താപനിലയിലാണ് മൃതദേഹങ്ങൾ സൂക്ഷിക്കുന്നത്. അജ്ഞാത മൃതദേഹങ്ങൾ മൂന്നാഴ്ചമുതൽ ഒന്നരമാസംവരെയാണ് സൂക്ഷിക്കുക. രണ്ടാഴ്ചയ്ക്കുശേഷം അഴുകാൻ തുടങ്ങുന്നതിനാൽ സംസ്കരിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാറാണ് പതിവ്.

അപകടമരണത്തിൽപ്പെട്ടവരുടെയും സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്താറുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്നാണ് പ്രധാനമായും ഇത്തരത്തിലുള്ളവ മെഡിക്കൽ കോളേജിൽ എത്തുന്നത്. ചില സമയങ്ങളിൽ കന്യാകുമാരി ജില്ലയിൽനിന്നുള്ളവയും ഉൾപ്പെടാറുണ്ട്.

തിരിച്ചറിയാൻ ഫോട്ടോയും ഡിഎൻഎയും

തിരിച്ചറിയപ്പെടാതെ സംസ്കരിക്കുന്ന മൃതദേഹങ്ങൾ സംബന്ധിച്ച് കൃത്യമായ രേഖകൾ പോലീസ് സൂക്ഷിക്കാറുണ്ട്. മരിച്ചയാളുടെ ഫോട്ടോ, കൈവശമുണ്ടായിരുന്ന വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവയാണ് പ്രധാനമായി സൂക്ഷിക്കുന്നത്.

കൂടാതെ മൃതദേഹത്തിൽനിന്ന്‌ ഡിഎൻഎ സാംപിളുകളും ശേഖരിക്കും. ബന്ധുക്കളെത്തി സംശയം പറയുന്നവ ഫോട്ടോയിൽ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ ഡിഎൻഎ പരിശോധന നടത്തി സ്ഥിരീകരിക്കുന്നതിനാണ് സാംപിളുകൾ ശേഖരിക്കുന്നത്.

മൃതദേഹങ്ങൾ പഠനത്തിനും

മോർച്ചറിയിൽ അജ്ഞാത മൃതദേഹങ്ങളായി എത്തുന്നവ മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെ പഠനത്തിനായും ഉപയോഗിക്കാറുണ്ട്. അനാട്ടമി വിഭാഗത്തിന് ആവശ്യമുണ്ടെങ്കിൽ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചശേഷം വിട്ടുനൽകും. അംഗഭംഗം വരാത്തതും എല്ലാ അവയവങ്ങളുമുള്ളതുമായ മൃതദേഹങ്ങളാണ് പഠനത്തിനായി ഉപയോഗിക്കുക.

അന്വേഷിച്ചെത്തുന്നവർ കുറവ്

അജ്ഞാത മൃതദേഹങ്ങൾ തിരക്കിയെത്തുന്നവർ കുറവാണെന്ന് മെഡിക്കൽ കോളേജ് ആർഎംഒ ഡോ. ടി.പി. ജയപ്രകാശ്. കഴിവതും വേഗത്തിൽ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി സംസ്കരിക്കാനാണ് ശ്രമിക്കുന്നത്. ചില സമയങ്ങളിൽ പോലീസിന്റെയും മറ്റും ഭാഗത്തുനിന്നുള്ള താമസംകാരണം കൂടുതൽ ദിവസം സൂക്ഷിക്കേണ്ടിവരാറുണ്ട്. ഗ്രാമപ്രദേശങ്ങളിൽ നിന്നെത്തിക്കുന്ന രോഗികളുടെ തിരിച്ചറിയൽ നടപടികൾക്കു കാലതാമസമുണ്ടാവാറുണ്ട്.
 

Content Highlights: Over 60 unidentified bodies are cremated yearly in Thiruvananthapuram Medical College