മാതൃകാപെരുമാറ്റച്ചട്ടം മറികടന്ന് റവന്യൂവകുപ്പിൽ കൂട്ടസ്ഥലംമാറ്റം

തിരുവനന്തപുരം: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് റവന്യൂവകുപ്പിൽ കൂട്ട സ്ഥലംമാറ്റം. ജില്ലാ കളക്ടറും തഹസിൽദാരുമാണ് സ്ഥലംമാറ്റ ഉത്തരവുകൾ ഇറക്കിയിട്ടുള്ളത്. തിരുവനന്തപുരം തഹസിൽദാർ സീനിയർ ക്ലാർക്കുമാരടക്കം 18 പേരെയാണ് വില്ലേജ് ഓഫീസുകളിലേക്കും താലൂക്ക് ഓഫീസിലേക്കും സ്ഥലംമാറ്റിയിട്ടുള്ളത്. പതിമ്മൂന്നാം തീയതി െവച്ചാണ് ഉത്തരവ് ഇറങ്ങിയിട്ടുള്ളത്. ജില്ലാ കളക്ടറും ചില സ്ഥലംമാറ്റ ഉത്തരവുകൾ ഇറക്കിയിട്ടുണ്ട്.
കേന്ദ്ര ഇലക്ഷൻ കമ്മിഷന്റെ ഉത്തരവിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് പ്രഖ്യാപന തീയതിക്കു മുൻപ് ഇറങ്ങിയെങ്കിലും പ്രാബല്യത്തിൽ വന്നില്ലെങ്കിൽ ഇലക്ഷൻ കമ്മിഷന്റെ അനുമതിയോടെയേ നടപ്പാക്കാൻ പാടുള്ളൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇത് അവഗണിച്ചാണ് ഭരണാനുകൂല സംഘടനാ ഭാരവാഹികളെ അടിയന്തരമായി സ്ഥലംമാറ്റിയതെന്നാണ് ആരോപണം. ഇ-ഓഫീസ് ഫയൽ നടപടിക്രമം പാലിക്കുന്ന ജില്ലാ കളക്ടറുടെയും തഹസിൽദാരുടെയും കാര്യാലയത്തിലും ഇത് മറികടന്നാണ് ഉത്തരവ് ഇറക്കിയതെന്നാണ് പരാതി. ഡിജിറ്റിൽ ഒപ്പിനുപകരം പേപ്പർ ഫയലാക്കി ഉദ്യോഗസ്ഥർ നേരിട്ടാണ് ഒപ്പിട്ടിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം മറികടക്കാൻ മുൻ തീയതി െവച്ച് സ്ഥലംമാറ്റ ഉത്തരവ് ഇറക്കുകയായിരുന്നുവെന്നാണ് ആരോപണം.
അർഹരായ ഉദ്യോഗസ്ഥരെ മറികടന്നുള്ള അനധികൃത സ്ഥലംമാറ്റത്തിനെതിരേ നിരവധി ഉദ്യോഗസ്ഥർ ജില്ലാ കളക്ടർക്കും എ.ഡി.എമ്മിനും പരാതി നൽകിയിട്ടുണ്ട്.
Content Highlights: Mass transfers of 18 revenue department employees in Thiruvananthapuram., Alleged violation of Election Commission guidelines regarding transfers during election duty., Accusations of bypassing e-office procedures and using backdated paper files., Employees have filed formal complaints with the District Collector and ADM.