തിരുവനന്തപുരം റെയിൽവേ ഡിവിഷൻ; 10 വളവ് നിവർത്തി; 49 കിലോമീറ്റർ പാളം ഉന്നതനിലവാരത്തിൽ

കോട്ടയം: തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ട്രെയിനുകളുടെ വേഗം കൂട്ടാൻ ഒരുവർഷത്തിനിടെ നവീകരിച്ചത് 49.703 കിലോമീറ്റർ പാളം. ട്രെയിനുകൾക്ക് മണിക്കൂറിൽ 110 കിലോമീറ്റർ വേഗം എന്ന ലക്ഷ്യം ഡിവിഷൻ പ്രഖ്യാപിച്ചിരുന്നു. പലയിടത്തും ട്രാക്കിലെ വലിയ വളവുകൾ ഇതിന് തടസ്സമായിരുന്നു. വേഗനിയന്ത്രണത്തിന് കാരണമായിരുന്ന പത്ത് വളവ് ഒരുവർഷത്തിനിടെ നിവർത്തി.
ട്രെയിൻയാത്ര സുഗമമാക്കാൻ ട്രാക്കിന്റെ ഇരുവശത്തും 89,517 ക്യുബിക് മീറ്റർ കല്ല് നിറച്ചു. പ്ലാറ്റ്‌ഫോമുകൾക്കുസമീപം രണ്ട് പാളം തമ്മിൽ ബന്ധിപ്പിക്കുന്ന 58 ഭാഗം (ടേൺ ഔട്ട്) മാറ്റിസ്ഥാപിച്ചു.
ട്രാക്കിലെ തകരാറുകാരണം പലയിടത്തും ട്രെയിൻ പിടിച്ചിടുന്നത് സാധാരണമായിരുന്നു. പാളത്തിലെയും പാളങ്ങൾ യോജിപ്പിക്കുന്ന വെൽഡിങ്ങിലെയും വിള്ളലുകളും മാറ്റി. ഇപ്പോൾ ട്രാക്കിലെ തകരാറുകൊണ്ട് ട്രെയിൻ പിടിച്ചിടേണ്ടിവരുന്നില്ലെന്നും ഡിവിഷൻ അധികൃതർ പറയുന്നു.
Content Highlights: 49.703 km of railway tracks upgraded within one year in Thiruvananthapuram Division., 10 major track curves straightened to remove speed restrictions., Targeting a maximum train speed of 110 km/h., 89,517 cubic meters of ballast stones added and 58 turnouts replaced., Eliminated train delays caused by track defects and faulty welds.