എം. ശിവറാം മാധ്യമ പുരസ്‌കാരം ആർ ജയപ്രസാദിന്, കെ.സി. സെബാസ്റ്റ്യൻ അവാർഡ് ബിജു പരവത്തിന്

#ന്യൂസ് ഡെസ്ക്
ആർ. ജയപ്രസാദ്, ബിജു പരവത്ത്
ആർ. ജയപ്രസാദ്, ബിജു പരവത്ത്

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് 2025-26-ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ജനറൽ റിപ്പോർട്ടിങ്ങിനുള്ള എം. ശിവറാം അവാർഡ് മാതൃഭൂമി ചീഫ് റിപ്പോർട്ടർ ആർ. ജയപ്രസാദിന്. മികച്ച രാഷ്ട്രീയ റിപ്പോർട്ടിനുള്ള കെ.സി. സെബാസ്റ്റ്യൻ അവാർഡിന് മാതൃഭൂമി സീനിയർ റിപ്പോർട്ടർ ബിജു പരവത്ത് അർഹനായി.

പി.എസ്.സിയുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന വഴികളെയും അത് വീണ്ടെടുക്കേണ്ടതിനെപ്പറ്റിയും മാതൃഭൂമിയുടെ എഡിറ്റോറിയൽ പേജിൽ 2026 ജൂലായ് അഞ്ചുമുതൽ നാലുദിവസങ്ങളിലായി എഴുതിയ അന്വേഷണ പരമ്പരയാണ് ജയപ്രസാദിനെ അവാർഡിന് അർഹനാക്കിയത്. പി.എസ്.സി സംബന്ധമായ ഈ തുടർ റിപ്പോർട്ടുകൾ എറെ ആനുകാലിക പ്രസക്തവും വൻ ക്രമക്കേടുകളിലേക്ക് കൃത്യമായി വെളിച്ചം വീശുന്നതും തുടർനടപടികൾക്ക് പ്രചോദകവുമായിരുന്നുവെന്ന് ജൂറിവിലയിരുത്തി.

'സിപിഎം കണ്ടെത്തിയതും മിണ്ടാത്തതും' എന്ന പേരിൽ മാതൃഭൂമി ദിനപ്പത്രത്തിൽ എഡിറ്റ് പേജിൽ 2026 ജൂൺ 16 മുതൽ 19 വരെ പ്രസിദ്ധീകരിച്ച പരമ്പരയ്ക്കാണ് ബിജു പരവത്തിന് അവാർഡ്. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ പരാജയത്തിന്റെ അടിസ്ഥാനത്തിൽ സിപി എം സംസ്ഥാനകമ്മിറ്റി തയ്യാറാക്കി, പാർട്ടിക്കുള്ളിൽമാത്രം വിശദീകരിച്ച രേഖയെയും, മുൻകാലങ്ങളിലെ സി പി എം ആഭ്യന്തര റിപ്പോർട്ടുകളെയും അടിസ്ഥാനമാക്കി എഴുതിയതാണ് പരമ്പര.

മികച്ച പത്ര ഫോട്ടോഗ്രാഫർക്കുള്ള അവാർഡിന് മലയാള മനോരമയുടെ തിരുവനന്തപുരം ബ്യൂറോയിലെ ഫോട്ടോഗ്രാഫർ ശ്രീലക്ഷ്മി ശിവദാസ് അർഹയായി. മികച്ച ടെലിവിഷൻ റിപ്പോർട്ടിനുള്ള ടി.എൻ.ഗോപകുമാർ അവാർഡിന് അർഹനായത് ന്യൂസ് മലയാളം 24x7 ചാനൽ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ അനിരു അശോകനാണ്. മികച്ച ടിവി ക്യാമറാമാനുള്ള എ.വി. മുകേഷിന്റെ പേരിലുള്ള അവാർഡിന് എഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ കെ.ആർ.മുകുന്ദന് ലഭിച്ചു.

എല്ലാ അവാർഡ് ജേതാക്കൾക്കും 10,000 രൂപ വീതവും പ്രശസ്തി പത്രവും ഫലകവുമാണ് നൽകുന്നത്. നവംബർ മൂന്നിന് വൈകിട്ട് ആറുമണിക്ക് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന വജ്ര ജൂബിലി ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അവാർഡുകൾ സമ്മാനിക്കും.

Content Highlights: Trivandrum Press Club announced 2025-26 media awards., M. Shivaram Award for General Reporting won by R. Jayaprasad (Mathrubhumi)., K.C. Sebastian Award for Political Reporting won by Biju Paravath (Mathrubhumi)., Awards include Rs. 10,000, a citation, and a plaque, to be presented on November 3.