ഇനി റോഡ് പൊളിക്കേണ്ട; തലസ്ഥാനത്ത് പൈപ്പിടാൻ 'മൈക്രോ ടണലിങ്' സാങ്കേതികവിദ്യ, ഗതാഗതം തടസ്സപ്പെടില്ല

തിരുവനന്തപുരം: പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡും നടപ്പാതയും പൊളിക്കുന്ന രീതിക്കു വിരാമം. അത്യാധുനികരീതിയിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന മൈക്രോ ടണലിങ് ടെക്‌നോളജി ഇനി തലസ്ഥാനത്തും.
മൈക്രോ ടണലിങ് ഉപയോഗിക്കുന്നതിനുള്ള ആദ്യ പദ്ധതിക്കു ഭരണാനുമതിയായി. പദ്ധതിക്കായി 2.11 കോടി രൂപ അനുവദിച്ചു. പാങ്ങോട് വാർഡിലായിരിക്കും ആദ്യം മൈക്രോ ടണലിങ് പൈപ്പിടൽ നടക്കുന്നത്. തുടർന്ന് പൂജപ്പുര, വലിയശാല എന്നിവിടങ്ങളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കും. 15-ദിവസത്തിനുള്ളിൽ മെഷീൻ തലസ്ഥാനത്തെത്തിച്ച് ജോലികൾ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
മൈക്രോ ടണലിങ്
ഡൽഹി, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് മൈക്രോ ടണലിങ് രീതി ഉപയോഗപ്പെടുത്തി പൈപ്പിടൽ വിജയകരമായി നടത്തിവരുന്നത്. ഒരു നിശ്ചിത സ്ഥലത്ത് കുഴിയുണ്ടാക്കി മെഷീൻ അതിലേക്ക് ഇറക്കും. തുടർന്ന് മെഷീൻ മണ്ണുതുരന്ന് ഭൂമിക്കടിയിലൂടെ മുന്നോട്ടുപോകും. ട്രില്ലിങ്ങിനൊപ്പം പൈപ്പ് സ്ഥാപിക്കലും നടക്കും. ഉറച്ച മണ്ണുള്ള സ്ഥലങ്ങളിലും ഇതു കാര്യക്ഷമമായി നടപ്പാക്കാനാകും. ടാർ കട്ട്‌ചെയ്യാതെ റോഡുകൾ മറികടന്ന് പൈപ്പിടാനാകുമെന്നതാണ് മേന്മ.
ചെലവ് കൂടും: മെച്ചങ്ങളേറെ
സാധാരണരീതിയിൽ പൈപ്പ് സ്ഥാപിക്കുന്നതിനേക്കാൾ അഞ്ചിരട്ടി ചെലവ് കൂടുതലാണ് മൈക്രോ ടണലിങ്ങിന്. മീറ്ററിന് ഒരുലക്ഷം രൂപയിലധികം ചെലവു വരും. എന്നാൽ റോഡ് പൊളിച്ചുള്ള നിർമാണത്തിനു വേണ്ടിവരുന്ന ചെലവ് ഒഴിവാകുമെന്നതിനാൽ കാര്യമായ നഷ്ടം വരില്ലെന്നാണ് സൂചന. കെ.എസ്.ഇ.ബി., വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള പരിശോധനയ്ക്ക് ശേഷമായിരിക്കും ടണലിങ് നടത്തുന്നത്. നിലവിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പ് ലൈനുകളെക്കാൾ ആഴത്തിലായിരിക്കും മൈക്രോ ടണലിങ് നടത്തുന്നത്. അതിനാൽ മറ്റു പൈപ്പ് ലൈനുകളിൽ കേടുപാടുകൾ സംഭവിക്കുകയുമില്ല. ആദ്യഘട്ടത്തിൽ 5000 വീട്ടുകാർക്ക് പ്രയോജനപ്പെടും.
Content Highlights: Micro-tunnelling technology introduced in Thiruvananthapuram to avoid road and footpath digging.