തിരുവനന്തപുരം മെട്രോ: DPR സർക്കാരിലേക്ക്‌, അനുമതി ലഭിച്ചാൽ 6 മാസത്തിനുള്ളിൽ പണിതുടങ്ങും

#രാകേഷ് കെ.നായർ
പ്രതീകാത്മകചിത്രം | ചിത്രം: ബി. മുരളീകൃഷ്ണൻ
പ്രതീകാത്മകചിത്രം | ചിത്രം: ബി. മുരളീകൃഷ്ണൻ

തിരുവനന്തപുരം: തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും. പദ്ധതിയുടെ നിർമാണച്ചെലവുമുൾപ്പെടെ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യറാക്കുന്ന പൂർണമായ ഡി.പി.ആറാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) മന്ത്രിസഭയുടെ അനുമതിക്കായി നൽകുന്നത്.

മന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ ഡി.പി.ആർ. കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിനു സമർപ്പിക്കും. കേന്ദ്ര അനുമതി ലഭിച്ചാൽ ആറുമാസത്തിനുള്ളിൽ നിർമാണം ആരംഭിക്കാൻ കഴിയുമെന്നാണ് കെ.എം.ആർ.എലിന്റെ നിഗമനം.

പാപ്പനംകോട്ടുനിന്നു തുടങ്ങി കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, പട്ടം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കാര്യവട്ടം വഴി കഴക്കൂട്ടംവരെയും അവിടെനിന്ന് ടെക്‌നോപാർക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്ക്കൽവരെയും എത്തുന്ന 31 കിലോമീറ്ററിലാണ് അലൈൻമെന്റ് തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ നവംബറിൽ സർക്കാർ ഈ അലൈൻമെന്റിന് അംഗീകാരം നൽകിയിരുന്നു. തുടർന്ന്‌ പദ്ധതിയുടെ ചെലവ്, സ്ഥലമേറ്റെടുക്കൽ തുടങ്ങിയവ ഉൾപ്പെടെ വിശദമായ ഡി.പി.ആർ. തയ്യാറാക്കാനും സർക്കാർ കെ.എം.ആർ.എലിനോട് ആവശ്യപ്പെട്ടിരുന്നു. കെ.എം.ആർ.എലിനായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് ഡി.പി.ആർ. തയ്യാറാക്കുന്നത്.

പൂർണമായും എലിവേറ്റഡ് (ഉയരപ്പാത) എന്നനിലയിലുള്ള നിർമാണമാണ് ഡി.പി.ആറിൽ നിർദേശിക്കുകയെന്നാണ് സൂചന. സെക്രട്ടേറിയറ്റ് ഉൾപ്പെടുന്ന പൈതൃകമന്ദിരങ്ങൾ സ്ഥിതിചെയ്യുന്ന പ്രധാന പാതയിൽ മെട്രോ സ്റ്റേഷനുകളുൾപ്പെടുന്ന വമ്പൻ നിർമിതികൾ നഗരസൗന്ദര്യത്തെ ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നതിനാൽ ഭൂഗർഭപാതയെക്കുറിച്ച് നേരത്തേ പഠനം നടത്തിയിരുന്നു. എന്നാൽ നിർമാണച്ചെലവ് ഉയരപ്പാതയുടെ ഇരട്ടിയോളമാകുമെന്നാണ് നിഗമനം. ഉയരപ്പാതയ്ക്ക് 10000 കോടി രൂപയാകുമെന്നാണ് ഈ രംഗത്തെ വിദഗ്‌ധരുടെ വിലയിരുത്തൽ.

കൊച്ചി മെട്രോയുടെ മാതൃകയിൽ 60 ശതമാനം വായ്പയെടുത്തും 20 ശതമാനംവീതം സംസ്ഥാന, കേന്ദ്ര സർക്കാർ വിഹിതവുമുപയോഗിച്ച് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ആനയറയിൽ മൊബിലിറ്റി ഹബ്ബ്

: ആനയറയിൽ സർക്കാരിന്റെ കൈവശമുള്ള ഭൂമിയിൽ ആധുനിക മൊബിലിറ്റി ഹബ്ബ് മെട്രോ റെയിലിന്റെ ഭാഗമായി നിർമിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ പദ്ധതിരേഖയും ഡി.പി.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ അംഗീകരിച്ച തിരുവനന്തപുരം മാസ്റ്റർപ്ലാൻ 2024-ൽ ആനയറയിലെ 106 ഏക്കർ സ്ഥലത്ത് മൊബിലിറ്റി ഹബ്ബ് വിഭാവനം ചെയ്തിട്ടുണ്ട്. റോഡ്, റെയിൽ, ജലഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിക്കാനുള്ള സംവിധാനം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ, ദേശീയപാത, പാർവതീപുത്തനാർ വഴി ജലപാതയിലേക്കുള്ള പ്രവേശനം എന്നിവയെല്ലാം ആനയറ പദ്ധതിയിലൂടെ സാധ്യമാകും. കൂടാതെ വിമാനത്താവളത്തോടു ചേർന്നുള്ള സ്ഥലമാണെന്ന പ്രത്യേകതയും ഇവിടെ മൊബിലിറ്റി ഹബ്ബിന്റെ സാധ്യതയെ വർധിപ്പിക്കുന്നുണ്ട്.

തിരുവനന്തപുരം മെട്രോയുടെ ഭാഗമായി മൊബിലിറ്റി ഹബ്ബ് നിർമിച്ചാൽ അത് മെട്രോ സർവീസിന് അധികവരുമാനമാകും. നടത്തിപ്പുചുമതലയും മെട്രോ കമ്പനിതന്നെ വഹിക്കും. കൂടാതെ മെട്രോയുടെ നിർമാണത്തിനൊപ്പംതന്നെ മൊബിലിറ്റി ഹബ്ബിന്റെ നിർമാണവും പൂർത്തിയാക്കും. ഇതുകൂടാതെ മെട്രോയുടെ ഭാഗമായി ആറ് മൊബിലിറ്റി ഹബ്ബുകൾ നിർമിക്കും. ഇത് മെട്രോ സ്റ്റേഷനുകൾക്കൊപ്പം തന്നെയാകും. അഞ്ചിലധികം ബസുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സംവിധാനമാകും ഇവിടെയുണ്ടാവുക. ടാക്‌സി, ഓട്ടോ സർവീസുകളും കഫറ്റീരിയയുമൊക്കെ ഈ മൊബിലിറ്റി ഹബ്ബുകളിൽ ഉണ്ടാകും. പാർക്കിങ് ഏരിയയും ഒരുക്കും.

Content Highlights: Final DPR for Thiruvananthapuram Metro to be submitted next week., Project features a 31km elevated alignment from Pappanamcode to Kazhakoottam/Inchakkal., Estimated project cost is 10,000 crore INR., Proposed Anayara Mobility Hub to integrate road, rail, and water transport., Funding model: 60% loan, 20% State share, 20% Central share.