കോർപ്പറേഷൻ ജീവനക്കാരുടെ യോഗം വിളിച്ച് മേയർ; അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കു സ്ഥാനമില്ല- വി.വി. രാജേഷ്

തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വെച്ചുപൊറുപ്പിക്കില്ലെന്ന് മേയർ വി.വി. രാജേഷ്. കോർപ്പറേഷനിലെ 11 സോണൽ ഓഫീസുകളിലെയും പ്രധാന ഓഫീസിലെയും ജീവനക്കാർക്കായി വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയരംഗത്തെത്തുന്നതിനു മുൻപ് തനിക്കും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ട്. കോർപ്പറേഷനിൽ കെട്ടിടനികുതിയുമായി ബന്ധപ്പെട്ട ആവശ്യത്തിന് എത്തിയപ്പോൾ അവിടത്തെ ഉദ്യോഗസ്ഥൻ തന്നോട് കൈക്കൂലി ആവശ്യപ്പെട്ടുവെന്നും മേയർ പറഞ്ഞു. പിന്നെ പലപ്പോഴായി കോർപ്പറേഷനിൽ കയറിയിറങ്ങിയിട്ടും കാര്യം നടന്നില്ലെന്നും നാളുകൾക്കുശേഷം ഇതേ കാര്യത്തിനു തന്റെ സുഹൃത്തിൽനിന്നും ഈ ഉദ്യോഗസ്ഥൻ കൈക്കൂലി വീണ്ടും ആവശ്യപ്പെട്ടുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
പല ആവശ്യങ്ങൾക്കായി കോർപ്പറേഷനിൽ എത്തുന്ന ആളുകളോടു സൗമ്യമായി പെരുമാറണം. പ്രവൃത്തിദിനങ്ങളിൽ ജീവനക്കാർ സമയം കൃത്യമായി പാലിക്കണം.
ജോലിസമയത്ത് രാഷ്ട്രീയപ്രവർത്തനം അനുവദിക്കില്ല. അനാവശ്യമായി ഫയലുകൾ താമസിപ്പിക്കുന്നതും തടയിടുമെന്നും രാഷ്ട്രീയപ്പാർട്ടികൾ അവരുടെ പരിപാടികൾക്കായി നഗരത്തിൽ സ്ഥാപിക്കുന്ന ഫ്ളക്‌സുകൾ പരിപാടി കഴിയുമ്പോൾ എടുത്തുമാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷന്മാരായ കരമന അജിത്ത്, എം.ആർ.ഗോപൻ, വി.സത്യവതി, ജി.എസ്.മഞ്ജു, ചെമ്പഴന്തി ഉദയൻ, എം.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Content Highlights: Thiruvananthapuram Mayor V.V. Rajesh vows to take strict action against corrupt officials in the Corporation. He emphasized prompt service and adherence to work hours.