മന്ത്രിയും മേയറും തമ്മിലുള്ള തർക്കങ്ങൾക്ക് പരിഹാരം; ഇടറോഡുകളിലേക്ക് വീണ്ടും ഇലക്ട്രിക് ബസുകൾ എത്തി

തിരുവനന്തപുരം: കോർപറേഷൻ - കെഎസ്ആർടിസി തർക്കത്തിനൊടുവിൽ നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിച്ചു. പുതിയ സർവീസിന്റെ ഉദ്ഘാടനം രാവിലെ മേയറുടെ വാർഡായ കൊടുങ്ങാനൂരിൽ നടന്നു. ബസുകളുടെ ഫ്ലാഗ് ഓഫ് മേയർ വി.വി രാജേഷ് നിർവഹിച്ചു. കിഴക്കേക്കോട്ടയിലേക്കും തിട്ടമംഗലത്തേക്കും രണ്ടു ബസുകളാണ് രാവിലെ സർവീസ് നടത്തിയത്.
കൗൺസിലർമാർ നിർദേശിച്ച 23 റൂട്ടുകളിലാണ് ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുന്നത്. കൊടുങ്ങാനൂർ വാർഡിലെ കുലശേഖരത്തുനിന്ന് കുരുവിക്കാട്, തിട്ടമംഗലം, കുന്നൻപാറ, കുന്നൻപാറ, കുണ്ടമൺകടവ് വഴി കിഴക്കേക്കോട്ടയിലേയ്ക്ക് ആണ് ആദ്യ സർവ്വീസ് ആരംഭിച്ചത്. ബസുകൾ ഫ്ലാഗ് ഓഫ് ചെയ്ത മേയർ ബസിൽ കന്നിയാത്ര നടത്തുകയും ചെയ്തു.
രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകൾ ഇടറോഡുകളിൽ സർവീസ് നടത്തുക. നിലവിൽ കെഎസ്ആർടിസി സർവീസ് ഇല്ലാത്ത വഴികളാണ് പരിഗണിക്കുന്നത്.
ഇടറോഡുകളിലൂടെ ചെറിയ ബസ് വേണമെന്ന ആവശ്യമുന്നയിച്ച 29 കൗൺസിലർമാരിൽ നിന്നും കത്ത് വാങ്ങി ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ 23 റൂട്ടുകളിലാണ് ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുക. ലാഭകരമാകുമെന്ന് കണ്ടെത്തിയ റൂട്ടുകളിലാണ് ബസുകൾ ഓടിത്തുടങ്ങുക. സർവീസ് ജനങ്ങൾക്ക് ഉപകാരപ്രദമാകുമെന്ന് മേയർ വിവി രാജേഷ് പറഞ്ഞു. ഗതാഗത വകുപ്പുമായി വീണ്ടും ചർച്ച നടത്തി കൂടുതൽ സർവീസുകൾ ഉറപ്പാക്കുമെന്നും മേയർ കൂട്ടിച്ചേർത്തു.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിലെ വായുമലിനീകരണം കുറയ്ക്കാൻ വാങ്ങിയ 113 ബസുകൾ നഗരത്തിന് പുറത്തേക്കു സർവീസ് നടത്തുന്നതിനെ ചൊല്ലി മേയർ വി.വി രാജേഷും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറും തമ്മിൽ തർക്കം നടന്നിരുന്നു. പിന്നീട് നടന്ന ചർച്ചകളിലാണ് ഇടറോഡുകളിൽ വീണ്ടും സർവീസ് നടത്താൻ തീരുമാനമായത്.
Content Highlights: KSRTC electric buses are back on Thiruvananthapuram`s inner roads, offering new services on 23 councilor-suggested routes.