സ്വന്തം പഞ്ചായത്തില്‍ UDF-ന് ഭരണം നഷ്ടമായി, രാജി സമര്‍പ്പിച്ച് പാലോട് രവി, രാജി തള്ളി KPCC

പാലോട് രവി
പാലോട് രവി

തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിന് രാജി സമര്‍പ്പിച്ച് തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി. പെരിങ്ങമ്മല പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായതിനെ തുടര്‍ന്നാണ് രാജി സമർപ്പിച്ചത്. കോണ്‍ഗ്രസ് അംഗങ്ങള്‍ സി.പി.എമ്മില്‍ ചേര്‍ന്നതോടെയാണ് പഞ്ചായത്ത് ഭരണം പാർട്ടിക്ക് നഷ്ടമായത്. പാലോട് രവിയുടെ പഞ്ചായത്താണ് പെരിങ്ങമ്മല. അതേസമയം, അദ്ദേഹത്തിന്റെ രാജി കെ.പി.സി.സി തള്ളിയെന്നാണ് വിവരം.

കഴിഞ്ഞ ദിവസം പെരിങ്ങമ്മല പഞ്ചായത്തിൽ കോൺഗ്രസ്‌ നേതാവായ പ്രസിഡന്റും സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാനും ഉൾപ്പെടെ മൂന്ന് അംഗങ്ങൾ പാർട്ടിവിട്ട് സി.പി.എമ്മിൽ ചേർന്നിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും പഞ്ചായത്തംഗവുമായ കലയപുരം അൻസാരി, കോൺഗ്രസ് നേതാവും പഞ്ചായത്ത് അംഗവുമായ ഷെഹ്നാസ് എന്നിവരാണ് പഞ്ചായത്തംഗത്വം ഉൾപ്പെടെ രാജിവെച്ച് പാർട്ടി വിട്ടത്. 

അടുത്തിടെ നടന്ന കോൺഗ്രസ്‌ പാർട്ടിയുടെ പുനഃസംഘടനമുതൽ പെരിങ്ങമ്മലയിൽ രൂക്ഷമായ തർക്കം നിലനിൽക്കുകയായിരുന്നു. ഇതാണ് പൊട്ടിത്തെറിയിൽ കലാശിച്ചത്. കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി നടന്നുകൊണ്ടിരിക്കേ മുൻ ബ്ലോക്ക്‌ പ്രസിഡന്റിനെ കൈയേറ്റംചെയ്ത സംഭവത്തിൽ പാർട്ടി ഇടപെടുകയും മൂവർക്കുമേതിരെ നടപടി ഉണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്ന സന്ദർഭത്തിലാണ്‌ ഇവർ പാർട്ടി വിട്ടതെന്നാണ് കോൺഗ്രസ്‌ നേതാക്കൾ പറയുന്നത്.
 

Content Highlights: Thiruvananthapuram DCC president Palode Ravi resigned