സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ കോൺഗ്രസിൽ ചേർന്നു

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരനും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്നു വിനോദ് കോൺഗ്രസിൽ ചേർന്നു.വിനോദും സുഹൃത്തുക്കളും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനിൽനിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു.
ഊർജസ്വലനായ സിപിഎം പ്രവർത്തകനായിരുന്നു വിഷ്ണു. വിഷ്ണുവിന് വേണ്ടി പിരിച്ച രക്തസാക്ഷി ഫണ്ടിൽ പകുതി സിപിഎം അടിച്ച് മാറ്റിയെന്ന് സതീശൻ ആരോപിച്ചു. പണം വക്കീലിന് കൊടുത്തു എന്നാണ് സിപിഎം പറയുന്നത്. സർക്കാരാണ് വക്കീലിനെ വയ്‌ക്കേണ്ടത്. പാർട്ടി രക്തസാക്ഷി ഫണ്ട് അടിച്ച് മാറ്റുന്നു. വിഷ്ണുവിന്റെ കുടുംബം പരാതി നൽകിയപ്പോൾ നേതാവിനെതിരെ നടപടി എടുത്തു. ഇപ്പോൾ അദ്ദേഹത്തിന് ട്രിപ്പിൾ പ്രൊമോഷൻ നൽകിയിരിക്കുകയാണ്. വിഷ്ണുവിന്റെ സഹോദരൻ വിനോദിനെയും സഹപ്രവർത്തകരെയും കോൺഗ്രസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
രക്തസാക്ഷി കുടുംബത്തോട് സിപിഎം നീതി കാണിച്ചില്ലെന്നും ഇനി പാർട്ടിക്കൊപ്പം ഉണ്ടാവില്ലെന്നും കഴിഞ്ഞ ദിവസം വിനോദ് വ്യക്തമാക്കിയിരുന്നു.
വിഷ്ണുവിന്റെ പേരിൽ പിരിച്ച രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തതായാണ് വിനോദ് ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഫണ്ട് തട്ടിപ്പിന് തരം താഴ്ത്തിയ നേതാവിന് വീണ്ടും പദവി നൽകിയെന്നും വിനോദ് ആരോപിച്ചിരുന്നു. മുൻ ലോക്കൽ സെക്രട്ടറിയെ സിഐടിയു ജില്ലാ സെക്രട്ടറിയാക്കിയതിൽ മന്ത്രി വി ശിവൻകുട്ടിക്ക് പങ്കുണ്ടെന്നും വിനോദ് ആക്ഷേപം ഉന്നയിക്കുന്നു.
Content Highlights: CPM leader Vishnu`s brother, Vinod, joins Congress in Thiruvananthapuram