വിവാദങ്ങൾക്കിടെ തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറിക്ക് മാറ്റം; പിന്നിൽ യു.ഡി.എഫിന്റെ അതൃപ്തി

#ന്യൂസ് ഡെസ്ക്
ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി
ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമിടെ തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറിക്ക് മാറ്റം. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ സ്റ്റേ ഉത്തരവുമായി സെക്രട്ടറിസ്ഥാനത്ത് തുടർന്ന കെ.യു. ബിനിയെ സർക്കാർ കോടതിവഴി നീക്കി. പുതിയ സെക്രട്ടറിയായി മുഹമ്മദ് ഷാഫി ചുമതലയേറ്റു.

രണ്ടാഴ്ചമുൻപ് ബിനിയെ മാറ്റി മുഹമ്മദ് ഷാഫിയെ സർക്കാർ കോർപ്പറേഷൻ സെക്രട്ടറിയായി നിയമിച്ചെങ്കിലും ഇദ്ദേഹത്തിന് ചുമതയേൽക്കാനായിരുന്നില്ല. ആ ദിവസം സെക്രട്ടറിയും അസി. സെക്രട്ടറിയും അവധിയെടുത്തതിനാൽ റിപ്പോർട്ട് ചെയ്യാൻ ആളില്ലാതെ മടങ്ങേണ്ടിവന്നു. അടുത്ത ദിവസം ട്രിബ്യൂണലിൽനിന്ന് അനുകൂലവിധി നേടി ബിനി സെക്രട്ടറിസ്ഥാനത്ത് തുടർന്നതോടെ മുഹമ്മദ് ഷാഫി പഞ്ചായത്ത് വകുപ്പിലേക്ക് മടങ്ങുകയും ചെയ്തു. ഇതേത്തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ച് സർക്കാരിന് അനുകൂലമായ വിധി നേടിയത്. കൊല്ലം കോർപ്പറേഷനിലേക്ക് മാറ്റിയ ബിനി അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.

മാറ്റത്തിന് പിന്നിൽ യു.ഡി.എഫിന്റെ അതൃപ്തി

തിരുവനന്തപുരം: കോർപ്പറേഷൻ സെക്രട്ടറിയുടെ മാറ്റത്തിന് പിന്നിൽ യു.ഡി.എഫിന്റെ അതൃപ്തി. കോടതിയുത്തരവ് കിട്ടി മണിക്കൂറുകൾക്കകം ബി.ജെ.പി. കൗൺസിലർമാരെ തിടുക്കപ്പെട്ട് പുനഃസത്യപ്രതിജ്ഞ ചെയ്യിച്ചതുൾപ്പെടെയുള്ള ബിനിയുടെ നിലപാടുകളിൽ യു.ഡി.എഫിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു.

ഇടതുപക്ഷക്കാരിയാണെങ്കിലും ബി.ജെ.പി.യുടെ താത്‌പര്യങ്ങൾക്ക് കൂട്ടുനിന്നുവെന്നായിരുന്നു ആക്ഷേപം. സത്യപ്രതിജ്ഞ ചെയ്യുന്ന വിവരം പ്രതിപക്ഷത്തെ അറിയിക്കുന്നതിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ആക്ഷേപമുയർന്നിരുന്നു. ഇതോടെയാണ് ഹൈക്കോടതിയിൽ പോയി സർക്കാർ സ്റ്റേ നീക്കിയത്. പുതിയ സെക്രട്ടറി മുഹമ്മദ് ഷാഫിയെ നിർദേശിച്ചത് മുസ്‌ലിം ലീഗാണ്.

കോർപ്പറേഷനിൽ ബി.ജെ.പി. ഭരണസമിതിയും പ്രതിപക്ഷവും തമ്മിൽ സംഘർഷങ്ങളും കേസുകളും തുടരുന്നിതിനിടെയാണ് നിർണായകസ്ഥാനമായ കോർപ്പറേഷൻ സെക്രട്ടറി മാറിവരുന്നത്. കഴിഞ്ഞദിവസം കൗൺസിൽ യോഗത്തിന്റെ ഹാജർ ബുക്ക് ഭരണപക്ഷം കീറിക്കളഞ്ഞതായുള്ള പരാതിയുൾപ്പെടെ സെക്രട്ടറിക്കു മുന്നിലുണ്ട്.

Content Highlights: K.U. Bini removed from the post of Thiruvananthapuram Corporation Secretary following a High Court order., Mohammed Shafi officially takes charge as the new Corporation Secretary., The transfer follows controversies regarding procedural lapses in BJP councilor oaths., UDF expressed dissatisfaction with the previous administration's handling of council procedures.