തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പ്; പോലീസിൽ പരാതി നൽകി മേയർ വി. വി. രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ കെട്ടിട ക്രമവൽക്കരണ ഫീസും വസ്തുനികുതിയും അടയ്ക്കുന്നതിനായി വ്യാജ രേഖകൾ സമർപ്പിച്ച സംഭവത്തിൽ പോലീസന്വേഷണം ആവശ്യപ്പെട്ട് നഗരസഭാ മേയർ അഡ്വ. വി. വി. രാജേഷ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. സെപ്റ്റംബർ 20-നാണ് മേയർ ഇത് സംബന്ധിച്ച കത്ത് നൽകിയത്.
2026 സെപ്റ്റംബർ 19-ന് നേമം സോണൽ ഓഫീസിൽ സമീർ എന്നയാൾ എത്തി, മൻസൂർ എ.ആർ എന്നയാളുടെ പേരിൽ കെട്ടിട ക്രമവൽക്കരണ ഫീസ് അടയ്ക്കുന്നതിനുള്ള വിവരങ്ങൾ തേടുകയും രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഹാജരാക്കിയ കെട്ടിട സർട്ടിഫിക്കറ്റും ക്രമവൽക്കരണ ഫീസ് രസീതും വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തി. ഓഫീസ് രേഖകൾ പ്രകാരം പ്രസ്തുത കെട്ടിടത്തിന്റെ യഥാർഥ നികുതിദായകർ രാജേശ്വരി എന്നയാളാണെന്ന് വ്യക്തമായതിനെ തുടർന്നാണ് രേഖകൾ വ്യാജമാണെന്ന സംശയമുയർന്നത്. നേമം സോണൽ റെവന്യൂ ഇൻസ്പെക്ടർ രേഖകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
വ്യാജ രേഖകൾ നിർമിച്ചതിനും ഹാജരാക്കിയതിനും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് മേയർ പരാതിയിൽ ആവശ്യപ്പെട്ടു. ആവശ്യമായ അസ്സൽ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും മേയർ അറിയിച്ചു. സെപ്റ്റംബർ അഞ്ചാം തീയതിയിലെ ബിൽഡിങ് സർട്ടിഫിക്കറ്റിന്റെ പകർപ്പും നികുതി രസീതുകളും പരാതിയോടൊപ്പം പോലീസിന് കൈമാറിയിട്ടുണ്ട്. മറ്റ് ഇടങ്ങളിൽ ഈ തട്ടിപ്പ് നടന്നോ എന്നും അന്വേഷിക്കണമെന്ന് മേയർ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Mayor VV Rajesh filed a complaint with the Thiruvananthapuram City Police Commissioner regarding fake tax documents., The incident occurred on September 19, 2026, at the Nemom zonal office involving building regularization fees., A fake building certificate and fee receipt were submitted in the name of Mansoor A.R., Original taxpayers were identified as Rajeshwari, exposing the forgery., The Mayor has requested a thorough investigation to check for wider scams.