മാർച്ചിന് നേരെ കല്ലും ബിയർ കുപ്പിയുമെറിഞ്ഞു, ഗ്യാനേഷ് കുമാർ എസ്.എഫ്.ഐയുടെ കേന്ദ്രകമ്മിറ്റി അംഗമല്ലല്ലോ?- ഷാഫി പറമ്പിൽ

#ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ നടന്ന സംഘർഷത്തിന് പിന്നിൽ എസ്.എഫ്.ഐയുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനമാണെന്ന് ഷാഫി പറമ്പിൽ എം.പി. നൈറ്റ് മാർച്ച് നേരത്തെ കോൺഗ്രസ് പ്രഖ്യാപിച്ചതാണ്. അത് ഒരിക്കലും സിപിഎമ്മിനോ എസ്.എഫ്.ഐക്കോ എതിരെ ഉള്ളതല്ല. മാർച്ച് തുടങ്ങാനിരിക്കെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ നിന്ന് സമരക്കാർക്ക് നേരെ കല്ലേറും ബിയർ കുപ്പിയേറുമുണ്ടായി. അതാണ് സംഘർഷങ്ങളുടെ തുടക്കം. എസ്.എഫ്.ഐയുടെ കേന്ദ്രകമ്മിറ്റി അംഗമോ സിപിഎം അംഗമോ അല്ല ഗ്യാനേഷ് കുമാർ. തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരേയും ബിജെപിയുടെ അതിക്രമങ്ങൾക്കെതിരേ കോൺഗ്രസ് നടത്തുന്ന പ്രതിഷേധം എന്തിനാണ് എസ്.എഫ്.ഐയെ പ്രകോപിപ്പിക്കുന്നതെന്ന് ഷാഫി പറമ്പിൽ ചോദിച്ചു.

ബുധനാഴ്ച രാത്രിയാണ് എസ്.എഫ്.ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരും തലസ്ഥാനത്ത് ഏറ്റുമുട്ടിയത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യവുമായി യൂത്ത് കോൺഗ്രസ് നടത്തിയ നൈറ്റ് മാർച്ചിനുനേരേ യൂണിവേഴ്സിറ്റി കോളേജിൽനിന്ന് കല്ലേറുണ്ടായതാണ് തുടക്കം. ഇതോടെ, കോളേജിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തീപ്പന്തമെറിഞ്ഞു. നേതാക്കൾ ഇടപെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.

മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പിൽ എം.പി.യും സെക്രട്ടേറിയറ്റിനുമുന്നിൽ നൈറ്റ് മാർച്ചിനെത്തിയ പ്രവർത്തകരെ അഭിസംബോധന ചെയ്തു. മന്ത്രി പ്രസംഗിച്ച് വേഗം മടങ്ങി. ഷാഫി പറമ്പിലിന്റെ ഉദ്ഘാടനപ്രസംഗം അവസാനിച്ചഘട്ടത്തിൽത്തന്നെ, പ്രവർത്തകർ യൂണിവേഴ്സിറ്റി കോളേജ് ലക്ഷ്യമിട്ട് സംഘടിച്ച് നീങ്ങി. കോളേജ് കവാടത്തിലെ എസ്.എഫ്.ഐ.യുടെ കൊടിതോരണം തകർത്തു. ഗേറ്റ് ചാടിക്കടന്ന് കോളേജ് കാമ്പസ് ലക്ഷ്യമാക്കി നീങ്ങി. കോളേജിലേക്ക് കല്ലും വടിയും വലിച്ചെറിഞ്ഞു. ഇതോടെ കാമ്പസിനുള്ളിൽ പോലീസ് ലാത്തിച്ചാർജ് നടത്തി. അപ്പോഴേക്കും എസ്.എഫ്.ഐ. പ്രവർത്തകർ കോളേജ് ഹോസ്റ്റലിന് സമീപം സംഘടിച്ചെത്തി. പോലീസെത്തിയതോടെ ഹോസ്റ്റലിന് മുന്നിൽ സംഘർഷാവസ്ഥയായി. എ.ഡി.ജി.പി. പി. വിജയനടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥരും വൻ പോലീസ് സംഘവും സ്ഥലത്തെത്തി.

പ്രതിപക്ഷനേതാവ് പിണറായി വിജയൻ, കെ.കെ. ശൈലജ, വി. ശിവൻകുട്ടി, വി. ജോയ് തുടങ്ങിയവർ സ്ഥലത്തെത്തി. കോളേജ് ഹോസ്റ്റലിലുണ്ടായിരുന്ന എസ്.എഫ്.ഐ. പ്രവർത്തകർക്കുനേരേ യൂത്ത് കോൺഗ്രസ് അക്രമം അഴിച്ചുവിട്ടെന്ന് ഇവർ ആരോപിച്ചു. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിനെയടക്കം പോലീസ് നോക്കിനിൽക്കേ മർദിച്ചെന്നും കുറ്റപ്പെടുത്തി. രാത്രി പത്തുമണിയോടെ ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങി. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വാഹനങ്ങൾ തകർക്കുകയും ചെയ്തു.

Content Highlights: Youth Congress organized a night march demanding the resignation of Chief Election Commissioner Gyanesh Kumar., Shafi Parambil MP claimed stone and beer bottle pelting from the University Hostel triggered the clashes., Police used lathi-charge to control the situation as clashes erupted between SFI and Youth Congress workers., Left leaders visited the site and accused Youth Congress of attacking SFI workers and hostel.