റോഡിലെ മതിലിടിഞ്ഞ് വീണ് വീട് തകർന്നു; ശബ്ദംകേട്ട് പുറത്തേക്കോടിയ വീട്ടമ്മ രക്ഷപ്പെട്ടു

തിരുവല്ലം(തിരുവനന്തപുരം): തിരുവല്ലം കരുമം റോഡിൽ ബി.എൻ.വി സ്കൂളിന് സമീപം മതിലിടിഞ്ഞ് വീണ് വീടുതകർന്നു. ജീവോദയം വീട്ടിൽ ആർ. വൽസലകുമാരി(65) യുടെ വീടാണ് ശനിയാഴ്ച വൈകിട്ട് ആറോടെ തകർന്നത്.
വീടിനുള്ളിൽ ടെലിവിഷൻ കണ്ടുകൊണ്ടിരുന്ന വൽസലകുമാരി ശബ്ദംകേട്ട് പുറത്തേക്ക് ഓടിയതിനാൽ വലിയദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടു. വീടിനുള്ളിലെ ഇലക്ട്രോണിക് ഉപകരണങ്ങളും വസ്ത്രങ്ങളും ഗാർഹിക ഉപകരണങ്ങളും ഇടിഞ്ഞുവീണ കല്ലുകളുടെയും മണ്ണിന്റെയും അടിയിലായി.
വീടിനോട് ചേർന്ന് കൂട്ടിൽ വളർത്തിയിരുന്ന പത്തോളം കോഴികളും മണ്ണിനടിയിൽപ്പെട്ടു. റോഡിൽനിന്ന് ഇരുപതടിയോളം താഴ്ചയുള്ള സ്ഥലത്താണ് വൽസല കുമാരിയുടെ വീട്. ഇതിനുമുകളിലുള്ള റോഡിനോട് ചേർന്നുള്ള മതിൽ മഴയിൽ കുതിർന്ന് ഇടിഞ്ഞ് താഴേക്ക് പതിച്ചായിരുന്നു അപകടമെന്ന് സ്ഥലത്തെത്തിയ കൗൺസിലർ പാച്ചല്ലൂർ ഗോപകുമാർ പറഞ്ഞു. തിരുവല്ലം പോലീസ് സ്ഥലത്തെത്തി. തിരുവല്ലം വില്ലേജ് ഓഫീസർ ഞായറാഴ്ച അപകട സ്ഥലം സന്ദർശിക്കും.
Content Highlights: An elderly woman narrowly escaped death when a compound wall collapsed onto her house in Thiruvallam., The incident occurred on Saturday around 6 PM near BNV School, Karumam road., Household appliances, clothes, and around ten chickens were buried under the debris., Local authorities and Thiruvallam police visited the accident site for inspection.