‘നീയെന്റെ ചങ്ക് അല്ലേ കടി ഞാൻ കൊള്ളാം’; കൂട്ടുകാരനെ രക്ഷിക്കാൻ നായയുടെ കടിയേറ്റ് പത്തുവയസ്സുകാരൻ

#ന്യൂസ് ഡെസ്ക്
ക്രിസ് മാത്യു ജോസഫും (ഇടത്ത്) ദർശനും
ക്രിസ് മാത്യു ജോസഫും (ഇടത്ത്) ദർശനും

തിരുവല്ല: വീട്ടുമുറ്റത്ത് കൂട്ടുകാരനൊപ്പം കളിക്കുന്നതിനിടെയാണ് ക്രിസ് ആ കാഴ്ച കാണുന്നത്. കൂട്ടിൽ കിടന്ന വളർത്തുനായ പാഞ്ഞുവരുന്നു. കൂട്ടുകാരൻ ദർശന് കടി ഉറപ്പ്. ക്രിസ് ഒന്നും ആലോചിച്ചില്ല. ദർശനെ വലിച്ചുപൊക്കി. മുറ്റത്തിനരികിലെ നാലടി ഉയരമുള്ള കമ്പിവേലിക്ക് അപ്പുറത്താക്കി.

ഓടിയെത്തിയ നായയെ കാലുകൊണ്ട് ക്രിസ് ആവുംവിധം തടയുകയുംചെയ്തു. നായ ശൗര്യം തീർത്തത് ക്രിസിനെ കടിച്ചാണ്.

തിരുവല്ലയ്ക്കടുത്ത് പെരിങ്ങര വേങ്ങൽ തൂമ്പുങ്കൽ ജോസഫ് മാത്യുവിന്റെ വീട്ടിൽ കഴിഞ്ഞദിവസമാണ് സംഭവം. ജോസഫിന്റെയും സ്മിതയുടെയും പത്തുവയസ്സുകാരനായ മകൻ ക്രിസ് മാത്യു ജോസഫാണ് വീട്ടിൽ കളിക്കാനെത്തിയ കൂട്ടുകാരൻ ദർശൻ സരീഷിനെ വളർത്തുനായയിൽനിന്ന് സാഹസികമായി രക്ഷിച്ചത്.

ഡാഷ് ഇനത്തിൽപ്പെട്ടതാണ് നായ. ജോസഫിന്റെ അമ്മ സൂസമ്മ തീറ്റ നൽകാനായി കൂട് തുറന്നപ്പോഴാണ് നായ പുറത്തേക്ക് ചാടിയത്. ക്രിസിന്റെ വലതുതുടയിൽ ആഴത്തിൽ കടിയേറ്റു. തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. തന്നെ കടിച്ചെങ്കിലും കൂട്ടുകാരന് ഒന്നും സംഭവിച്ചില്ലല്ലോയെന്ന ആശ്വാസത്തിലാണ് ചങ്ങനാശ്ശേരി ളായിക്കാട് മേരി റാണി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർഥിയായ ക്രിസ്.

Content Highlights: A 10-year-old boy demonstrated immense bravery by shielding his friend from a dog attack., The incident occurred in Peringara, Thiruvalla, involving a Dash breed dog., The young hero, Chris, sustained injuries while ensuring his friend remained unharmed., The incident highlights the importance of pet safety and quick thinking in emergencies.