തിരുനാവായയിൽ യു.ഡി.എഫിന് വിജയം; എൽ.ഡി.എഫിന് സീറ്റ് നഷ്ടം, മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു

പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

തിരുനാവായ: എടക്കുളം ഈസ്റ്റ് (എട്ടാം വാർഡ്) ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. (കോൺഗ്രസ്) സ്ഥാനാർഥിക്ക് വിജയം. ഉണ്ണിയാലുക്കൽ അബ്ദുൾ ജബ്ബാറാണ് വിജയിച്ചത്. 260 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എസ്.ഡി.പി.ഐ. സ്ഥാനാർഥിയായി മത്സരിച്ച എൻ.പി. മുഹമ്മദ് ശരീഫിനെയാണ് പരാജയപ്പെടുത്തിയത്. എൽ.ഡി.എഫ്. സ്ഥാനാർഥി കൊടക്കാട്ടിൽ മുഹമ്മദ് റഫീഖ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സിറ്റിങ് സീറ്റും നഷ്ടപ്പെട്ടു.

നിലവിലെ സി.പി.എം. അംഗം ജവാദ് ചിറക്കൽ വിദേശത്തായതിനാൽ അയോഗ്യനാവുകയും തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയുമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ട് വോട്ടിനാണ് യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന ചക്കാലിപ്പറമ്പിൽ ഹമീദിനെ ജവാദ് പരാജയപ്പെടുത്തിയത്.

രണ്ടരവർഷത്തോളം വിദേശത്തേക്കു പോയ ജവാദ് തിരിച്ചുവരാതിരിക്കുകയും അയോഗ്യനാക്കുകയുമായിരുന്നു. തിരുനാവായ പഞ്ചായത്തിൽ ആകെയുള്ള 23 സീറ്റിൽ അബ്ദുൾ ജബ്ബാറിന്റെ വിജയത്തോടെ യു.ഡി.എഫിന് 16 സീറ്റ് ലഭിച്ചു. യു.ഡി.എഫ്. പ്രവർത്തകർ തിരുനാവായയിലും എടക്കുളത്തും ആഹ്ലാദപ്രകടനം നടത്തി.

ചക്കിട്ടാമല വാർഡ് യു.ഡി.എഫ്. നിലനിർത്തി

കരുളായി ഗ്രാമപ്പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ചക്കിട്ടാമലയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥി വിപിൻ കരുവാടൻ വിജയിച്ചു. 397 വോട്ടിനാണ് എൽ.ഡി.എഫ്. സ്ഥാനാർഥി മനോജ് കാരേരനെ വിപിൻ പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്ത 1005 വോട്ടിൽ 701 വോട്ട് വിപിന് ലഭിച്ചപ്പോൾ മനോജിന് ലഭിച്ചത് 304 വോട്ടുമാത്രം.

ചക്കിട്ടാമല വാർഡംഗമായിരുന്ന കരുവാടൻ സുന്ദരൻ മരിച്ചതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് ആവശ്യമായിവന്നത്. 2023 ഫെബ്രുവരിയിൽ മറ്റൊരു ഉപതിരഞ്ഞെടുപ്പിലൂടെയാണ് മരിച്ച സുന്ദരൻ മെമ്പറായത്. നിർണായകമായ തിരഞ്ഞെടുപ്പിൽ 68 വോട്ടിനാണ് സുന്ദരൻ വിജയിച്ചത്. ആ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് 507 വോട്ട് ലഭിച്ചിരുന്നു. ഇക്കുറി അത് 304 ആയി ചുരുങ്ങി. യു.ഡി.എഫ്. ഭരിക്കുന്ന കരുളായി ഗ്രാമപ്പഞ്ചായത്തിൽ യു.ഡി.എഫ്.-എട്ട്, എൽ.ഡി.എഫ്.-ഏഴ് എന്നിങ്ങനെയായിരുന്നു കക്ഷിനില. പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് ആയപ്പോൾ ഒരു എൽ.ഡി.എഫ്. സ്വതന്ത്ര അംഗം അദ്ദേഹത്തോടൊപ്പം നിലയുറപ്പിച്ചു. ഇതോടെ എൽ.ഡി.എഫിന്റെ അംഗങ്ങൾ ആറായി ചുരുങ്ങി. വൻ ഭൂരിപക്ഷത്തിലുള്ള വിജയത്തിന്റെ ആഹ്ലാദത്തിലാണ് യു.ഡി.എഫ്. കടുത്ത പരാജയത്തിന്റെ ഞെട്ടലിലാണ് എൽ.ഡി.എഫ്.

Content Highlights: thirunavaya panchayath by election result-edakkulam east-ldf-udf