കോഴിക്കോട്ട് പനിബാധിച്ച് പതിമ്മൂന്നുകാരി മരിച്ചു; വെസ്റ്റ്‌നൈലെന്ന് സംശയം

Representative Image| Photo: AFP
Representative Image| Photo: AFP

കോഴിക്കോട്: ബേപ്പൂര്‍ സ്വദേശിയായ പതിമ്മൂന്നുകാരി മരിച്ചത് വെസ്റ്റ്‌നൈല്‍ പനി ബാധിച്ചെന്ന് സംശയം. പനി ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മേയ് 13-ന് മരിച്ച കുട്ടിക്കാണ് വെസ്റ്റ്‌നൈല്‍ പനി സംശയിക്കുന്നത്.

പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള പരിശോധനാഫലം വന്നാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നേരത്തേ വെസ്റ്റ്‌നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൃശ്ശൂരും പാലക്കാട്ടും ഒരാള്‍വീതം മരിക്കുകയും ചെയ്തു.

നേരത്തേ അഞ്ചുകേസുകളാണ് കോഴിക്കോട് ജില്ലയിലുണ്ടായിരുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ മൂന്നുകേസുകളും നന്മണ്ടയിലും കൂടരഞ്ഞിയിലും ഓരോ കേസ് വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗമുള്ള മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് ഇത് പകരില്ല.

ജപ്പാന്‍ജ്വരം ബാധിച്ച് മേയ് മൂന്നിന് കണ്ണാടിക്കല്‍ സ്വദേശിയായ അറുപത്തിരണ്ടുകാരിയും അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം ബാധിച്ച് മേയ് ആറിന് ബേപ്പൂര്‍ സ്വദേശിയായ അമ്പതുകാരനും മരിച്ചിരുന്നു.

Content Highlights: Thirteen-year-old girl's death; waiting for test result from pune virology instititute