എറണാകുളം-ഷൊര്‍ണൂര്‍ മൂന്നാം ലൈന്‍: 12,000 കോടിയുടെ DPR, മണിക്കൂറില്‍ 160 കിലോമീറ്റര്‍വരെ വേഗം

#കെ. ഉണ്ണികൃഷ്ണന്‍
പ്രതീകാത്മകചിത്രം | Mathrubhumi archives
പ്രതീകാത്മകചിത്രം | Mathrubhumi archives

കൊച്ചി: എറണാകുളം-ഷൊര്‍ണൂര്‍ മൂന്നാം ലൈനിന് 12,000 കോടി രൂപ നിര്‍മാണ ചെലവുള്ള ഡിപിആര്‍ തയ്യാറായി. പുതിയ പദ്ധതികള്‍ 160 കിലോമീറ്റര്‍ വേഗത്തിലാകണമെന്നതാണ് റെയില്‍വേ ബോര്‍ഡിന്റെ നയം. ഇതുപ്രകാരം ലൈന്‍ നിര്‍മിക്കുകയാണെങ്കില്‍ 12,000 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. കിലോമീറ്ററിന് 100 കോടി രൂപയോളമാണ് നിര്‍മാണച്ചെലവ് കണക്കാക്കുന്നത്. റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗമാണ് ഡിപിആര്‍ തയ്യാറാക്കിയത്. ലൊക്കേഷന്‍ സര്‍വേയും അലൈന്‍മെന്റും നേരത്തേ കഴിഞ്ഞിരുന്നു.

അതേസമയം യാത്രക്കൂലി ഇനത്തില്‍നിന്ന് പദ്ധതിക്ക് വരുമാനം കിട്ടില്ലെന്നാണ് റെയില്‍വേയുടെ നിഗമനം. പദ്ധതിയില്‍നിന്ന് വരുമാനം കാര്യമായി കിട്ടില്ലെന്നതിനാല്‍ റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ മാസം ഡിപിആര്‍ സമര്‍പ്പിക്കാന്‍ നേരത്തേതന്നെ തീരുമാനിച്ചിരുന്നു. വര്‍ഷംതോറും യാത്രക്കാരുടെ നിരക്ക് ശരാശരി രണ്ടു ശതമാനം കൂടുന്നുണ്ട് എന്നാണ് റെയില്‍വേയുടെ കണക്ക്. 2015-ല്‍ നടത്തിയ സര്‍വേ പ്രകാരം മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തിലുള്ള 107 കിലോമീറ്റര്‍ നീളമുള്ള പാതയ്ക്ക് 1500 കോടിയാണ് കണക്കാക്കിയിരുന്നത്.

ട്രെയിനുകളുടെ വേഗം കൂട്ടാനുള്ള പദ്ധതി റെയില്‍വേയുടെ ചെലവിലാണ് നടപ്പാക്കുന്നത്. ഒട്ടേറെ തിരിവും വളവുമുള്ള, ഇപ്പോഴുള്ള എറണാകുളം-ഷൊര്‍ണൂര്‍ ലൈനിന് അടുത്തായി പുതിയ ട്രാക്ക് നിര്‍മിച്ചാല്‍ ട്രെയിനുകളുടെ വേഗം കൂട്ടാനാകില്ല. അതിനാല്‍ പരമാവധി നേരെയാണ് മൂന്നാം ട്രാക്ക് ഉദ്ദേശിക്കുന്നത്. നിലവിലുള്ള ട്രാക്കിന്റെ അടുത്തായിരിക്കില്ല ഇത്.

എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ, തൃശ്ശൂര്‍, ഷൊര്‍ണൂര്‍ എന്നീ സ്റ്റേഷനുകള്‍ പുതിയ ലൈനിലുണ്ടാകും. മണിക്കൂറില്‍ 110, 130, 160 എന്നീ കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കുന്നതു സംബന്ധിച്ച പഠനമാണ് നടന്നത്. മൂന്നാം ലൈനിന് ഒപ്പം നാലം ലൈനിന്റെ സാധ്യതയും പഠിച്ചിരുന്നു. ഏകദേശം 250 ഹെക്ടര്‍ പുതിയ ലൈനിന് വേണമെന്നാണ് കരുതുന്നത്.

Content Highlights: third railway line in kerala dpr finalised