കേരളീയത്തിന്റെ കണക്കെവിടെ? എല്ലാം കണക്കാ, ഒരു വിവരവുമില്ല

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന കേരളീയം സമാപന സമ്മേളനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി മന്ത്രി കെ.എന്‍.ബാലഗോപാല്‍ സംസാരിക്കുന്നു. മന്ത്രി കെ.രാജന്‍ സമീപം. ഫോട്ടോ: ബിജു വര്‍ഗീസ് / മാതൃഭൂമി (ഫയല്‍)
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന കേരളീയം സമാപന സമ്മേളനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി മന്ത്രി കെ.എന്‍.ബാലഗോപാല്‍ സംസാരിക്കുന്നു. മന്ത്രി കെ.രാജന്‍ സമീപം. ഫോട്ടോ: ബിജു വര്‍ഗീസ് / മാതൃഭൂമി (ഫയല്‍)

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ കേരളീയത്തിന് എത്ര തുക ചിലവായെന്നതിന് ഇതുവരെ വിവരങ്ങളില്ല. കേരളീയമെന്ന പേരില്‍ തലസ്ഥാനത്ത് പരിപാടികള്‍ നടത്തിയിട്ടും, മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടും എന്തിനൊക്കെ എത്ര തുക ചെലവായി എന്നതിന് കണക്കുകകള്‍ ലഭ്യമല്ല എന്നാണ് വിവരാവകാശ പ്രകാരം ചോദിച്ച ചോദ്യത്തിന്  സര്‍ക്കാര്‍ നല്‍കിയ മറുപടി. 

നികുതി വകുപ്പ്, ധനകാര്യ വകുപ്പ്, സാംസ്‌കാരിക വകുപ്പ്, വ്യവസായ വകുപ്പ്, പബ്ലിക് റിലേഷന്‍ തുടങ്ങിയ വകുപ്പുകള്‍ക്ക് നിലവില്‍ യാതൊരു കണക്കുമില്ലാ എന്ന മറുപടിയാണ് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ ലഭിച്ചത്. പൊതുഭരണ വകുപ്പിന് നല്‍കിയ അപേക്ഷ പിന്നീട് അവിടെ നിന്ന് വിനോദ സഞ്ചാര വകുപ്പുള്‍പ്പെടെ മേല്‍പ്പറഞ്ഞ വകുപ്പുകളിലേക്ക് കൈമാറുകയായിരുന്നു. അതില്‍ പബ്ലിക് റിലേഷന്‍ വകുപ്പിന് മാത്രമാണ് എത്ര രൂപ ചെലവാക്കി എന്നതിന് കണക്കുകളുള്ളത്. 

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുമുതല്‍ ഏഴ് വരെയായിരുന്നു കേരളീയമെന്ന പേരില്‍ വിവിധ കലാ- സാസ്‌കാരിക പരിപാടികള്‍ തലസ്ഥാനത്ത് സംഘടിപ്പിച്ചത്. കേരളം കൈവരിച്ച നേട്ടങ്ങളെയും വിവിധ മേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും മുന്നോട്ടുള്ള സാധ്യതകളെയുംക്കുറിച്ചുള്ള സംവാദങ്ങളും, തനത് വിഭവങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കാര്‍ഷികവ്യവസായ പുരോഗതിയെയും നൂതന സാങ്കേതികവിദ്യ രംഗത്തെ നേട്ടങ്ങളെയും വിളിച്ചറിയിക്കുന്ന പ്രദര്‍ശനങ്ങളും ഒക്കെ ഉള്‍ക്കൊള്ളിച്ചാണ് പരിപാടി വിഭാവനം ചെയ്തത്. എല്ലാവര്‍ഷവും കേരളപ്പിറവി ദിനത്തില്‍ തുടരുന്ന രീതിയാണ് കേരളീയമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 

ആദ്യ കേരളീയം നടന്ന് മാസം ഒന്ന് കഴിഞ്ഞിട്ടും അതിന്റെ കണക്കുകള്‍ സംബന്ധിച്ച് സര്‍ക്കാരിന് തന്നെ വിവരങ്ങളില്ലെങ്കില്‍ വരാന്‍ പോകുന്ന കേരളീയത്തിന്റെ അവസ്ഥ എങ്ങനെയായിരിക്കുമെന്നതാണ് ചോദ്യം. കേരളീയത്തിനായി വിവിധ കമ്മറ്റികള്‍ക്ക് വേണ്ടി  27,12,04,575 രൂപയാണ് ബജറ്റ് അനുവദിച്ചിരുന്നതെന്ന് വിനോദ സഞ്ചാര വകുപ്പിന്റെ മറുപടിയില്‍ പറയുന്നു. എന്നാല്‍ മറ്റ് വകുപ്പുകള്‍ക്ക് അതിന്റെ വിവരങ്ങള്‍ പോലുമില്ല. 

കേരളീയത്തിനായി എത്ര രൂപ പിരിച്ചെന്നോ, സ്‌പോണ്‍സര്‍മാര്‍ എത്രയെന്നോ, അവര്‍ നല്‍കിയ തുക എത്രയാണെന്നോ എന്നതിനെപ്പറ്റിയൊരു വിവരവും ധനവകുപ്പിന്റെ പക്കലില്ല.  കേരളീയത്തിലെ പരിപാടികള്‍ ടെന്‍ഡര്‍ വിളിച്ചാണോ നല്‍കിയതെന്നതിന് പോലും ധനവകുപ്പിന് വിവരങ്ങളില്ല. കേരളീയത്തിനായി വിവിധ വകുപ്പുകള്‍ക്ക് എത്ര തുക ചെലവായി എന്നതിന് അന്തിമ കണക്കുകള്‍ ലഭ്യമല്ല എന്നാണ് മറുപടി.

കേരളീയത്തിനായി പബ്ലിക് റിലേഷന്‍ വകുപ്പിന്  4,08,01,000 രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. എക്‌സിബിഷനുകള്‍ക്കായി 9,39,00,00 രൂപയും മീഡിയ പബ്ലിസിറ്റിക്ക് വേണ്ടി 3,98,62,000 രൂപയുമാണ് അനുവദിച്ചത്. എന്നാല്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ ചെലവാണ് വകുപ്പിന് വന്നത്.എക്‌സിബിഷനുകള്‍, ഇന്‍സ്റ്റലേഷനുകള്‍ എന്നിവയ്ക്കായി മാത്രം 4,83,44,500 രൂപയാണ് ചെലവഴിക്കേണ്ടി വന്നത്. മീഡിയ പബ്ലിസിറ്റ് വേണ്ടി ചെലവഴിച്ച വകയിലുള്ള ബില്ലുകള്‍ ഇതുവരെ ലഭ്യമായിട്ടില്ല എന്നും അവ കിട്ടിയാല്‍ മാത്രമേ തുക റിലീസ് ചെയ്യുകയുള്ളുവെന്നും പബ്ലിളിക് റിലേഷന്‍ വകുപ്പ് പറയുന്നു. 

കോടികളൊഴുക്കി പ്രമുഖരും സെലിബ്രിറ്റികളുമടക്കം പങ്കെടുപ്പിച്ച് നടത്തിയ പരിപാടിക്ക് തുടക്കം മുതല്‍ തന്നെ ധൂര്‍ത്ത് എന്ന ആരോപണം ഉയര്‍ന്നിരുന്നതാണ്. പ്രതിപക്ഷം പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് നാള്‍ക്കുനാള്‍ പറഞ്ഞുനടക്കുന്നതിനിടെയാണ് ഇത്രയധികം കോടികള്‍ മുടക്കിയ പരിപാടികള്‍ നടത്തിയതെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് അതിന്റെ കണക്കുകള്‍ പോലും വകുപ്പുകള്‍ക്ക് ലഭ്യമല്ല എന്ന വിവരങ്ങളും പുറത്തുവന്നത്. വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതികരണമാണ് ഇനി അറിയേണ്ടത്.

Content Highlights: There is no information yet on how much the Keralayam program cost