ഓണാശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാഹുലും, മലയാളത്തില്‍ വീഡിയോ സന്ദേശവുമായി സ്റ്റാലിന്‍

Photo: twitter.com/rashtrapatibhvn & twitter.com/narendramodi
Photo: twitter.com/rashtrapatibhvn & twitter.com/narendramodi

ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. എക്സ് പേജുകളിലൂടെയാണ് നേതാക്കൾ തങ്ങളുടെ ആശംസകൾ പങ്കുവച്ചത്.

കേരളത്തിലെ സഹോദരീ സഹോദരന്മാർക്ക് ഓണാശംസകളെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു തന്റെ ആശംസ അറിയിച്ചു. ഈ അവസരത്തിൽ എല്ലാവരിലും സമൃദ്ധിയും സാഹോദര്യവും പകരട്ടെ, രാഷ്ട്രപതി ആശംസിച്ചു. 

കഴിഞ്ഞ കുറേ വർഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറിയതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഏവർക്കും ഓണാശംസകൾ! നിങ്ങളുടെ ജീവിതത്തിൽ നല്ല ആരോഗ്യം, സമാനതകളില്ലാത്ത സന്തോഷം, അപാരമായ സമൃദ്ധി എന്നിവ വർഷിക്കട്ടെ, മോദി മലയാളത്തിലുള്ള ആശംസ കുറിപ്പിൽ പറഞ്ഞു.

ഏവർക്കും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും തിരുവോണാശംസകളെന്ന് കോൺഗ്രസ് നേതാവ്‌ രാഹുൽ നേർന്നു.  മാവേലിയുടെ നാട് പോലെ ഒരുമയും സമത്വവും വീണ്ടും ഉണ്ടാകണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ തന്റെ ആശംസാസന്ദേശത്തിൽ വ്യക്തമാക്കി. എല്ലാവരെയും ഒരു പോലെ കാണുന്ന ഒരു യൂണിയൻ സർക്കാർ വരുന്നതിനായി നമുക്ക് ഒരുമിച്ച് നിൽക്കാം. പ്രിയപ്പെട്ട മലയാളികൾക്ക് ഹൃദയം നിറഞ്ഞ ഓണാശംസകളെന്ന് വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

ഇവർക്ക് പുറമെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എന്നിവരും മലയാളികൾക്ക് ഓണാശംസകൾ നേർന്നു.

Content Highlights: The President and the Prime Minister onam wishes to malayalis