‘രാഹുലിന്‍റേതും തരൂരിന്‍റേതും വ്യത്യസ്ത പ്രത്യയശാസ്ത്ര പ്രവണതകൾ’; എക്സ് പോസ്റ്റ് പങ്കുവെച്ച് തരൂർ, കോൺഗ്രസ് വെട്ടിൽ

തിരുവനന്തപുരം: കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി ശശി തരൂർ എംപി. രാഹുൽ ഗാന്ധിയേയും ശശി തരൂരിനേയും താരതമ്യംചെയ്തുകൊണ്ടുള്ള ഒരു എക്സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് തരൂരിന്‍റെ പുതിയ നീക്കം. രാഹുൽ ഗാന്ധിയും തരൂരും കോൺഗ്രസിനുള്ളിലെ രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടിക്കൊണ്ട് @CivitasSameer എന്ന എക്സ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ആണ് തരൂർ പങ്കുവെച്ചത്.
രാഹുൽ ഗാന്ധിയും തരൂരും കോൺഗ്രസിനുള്ളിലെ രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും ഇതിനെ ഒരുമിപ്പിച്ചു കൊണ്ടുപോകാൻ സാധിക്കാത്തതാണ് കോൺഗ്രസിന്റെ പ്രശ്നമെന്നും പങ്കുവെക്കപ്പെട്ട പോസ്റ്റിൽ പറയുന്നു. തരൂരിനേപ്പോലുള്ള നേതാക്കളെ പാർട്ടി ഒതുക്കുന്നുവെന്നും ദിശാബോധമില്ലാതെയാണ് കോൺഗ്രസ് മുന്നോട്ടുപോയ്ക്കൊണ്ടിരിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു. ഈ കുറിപ്പിലെ അഭിപ്രായപ്രകടനങ്ങളെ ശരിവെച്ചുകൊണ്ടാണ് തരൂർ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
‘ചിന്തിപ്പിക്കുന്ന ഈ അവലോകനത്തിന് നന്ദി. പാർട്ടിയിൽ എല്ലായ്‌പ്പോഴും ഒന്നിലധികം പ്രവണതകൾ ഉണ്ടായിട്ടുണ്ട്. നിങ്ങളുടെ നിരീക്ഷണം ശരിയാണ്. നിലവിലെ യാഥാർഥ്യത്തേക്കുറിച്ചുള്ള കൃത്യമായ ധാരണ പ്രതിഫലിപ്പിക്കുന്നതാണ് ഈ പോസ്റ്റ്’ എന്നും തരൂർ കുറിച്ചു.
കോൺഗ്രസിനെ അതിരൂക്ഷമായി വിമർശിക്കുന്നതാണ് പങ്കുവെക്കപ്പെട്ട എക്സ് പോസ്റ്റ്. എല്ലാത്തിനേയും എതിര്‍ക്കുക എന്നതായി കോണ്‍ഗ്രസിന്റെ സ്വഭാവം മാറി. ഒരു ദേശീയ പാര്‍ട്ടി എന്ന നിലയില്‍ ഇത് അപകടകരമാണ്. ഭരണപരമായ ആദര്‍ശമില്ലാത്ത പ്രതിപക്ഷം രാഷ്ട്രീയമായ ജീര്‍ണതയാണ്. പാവങ്ങളുടെ മിശിഹ ആകാൻ നോക്കിയ കോൺഗ്രസ് ബിജെപിക്കു മുന്നിൽ പരാജയപ്പെട്ടെന്നും കുറിപ്പിൽ പറയുന്നു.
മറ്റുള്ളവർ പറയുന്നതുപോലെ തരൂർ ഒരിക്കലും വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടില്ല. തുടക്കംതൊട്ടേ അദ്ദേഹം ഒരു ഹിന്ദുവായിരുന്നു. 'വൈ ഐ ആം എ ഹിന്ദു' എന്ന പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ടെന്നും പോസ്റ്റിൽ പറയുന്നു.
ഇതാദ്യമായല്ല, തരൂർ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നത്. കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്നതാണ് തരൂരിന്‍റെ സമീപകാല നിലപാടുകൾ. മോദിയെ പുകഴ്ത്തിക്കൊണ്ടും കുടുംബരാഷ്ട്രീയത്തെ എതിർത്തുകൊണ്ടും നേരത്തെ തരൂർ രംഗത്തെത്തിയിരുന്നു. ഇതിൽ മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം അമർഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Content Highlights: Shashi Tharoor's Critique: Congress's Ideological Divide and BJP's Ascendancy