നാലുവർഷംമുൻപുള്ള വിരോധം; 9-ാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് പതിനാലുകാരനെ മർദിച്ചു

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

താമരശ്ശേരി: നാലുവർഷംമുൻപ് നടന്ന സംഘർഷത്തിന്റെ വിരോധം മനസ്സിൽ സൂക്ഷിച്ച് ഒൻപതാംക്ലാസുകാരൻ ഇളയസഹോദരനൊപ്പം ചേർന്ന് അതേ സ്‌കൂളിൽ പഠിക്കുന്ന മറ്റൊരു ഒൻപതാംക്ലാസുകാരനെ മർദിച്ച് പരിക്കേൽപ്പിച്ചു.

അക്രമത്തിൽ തലയ്ക്കും മുഖത്തും പരിക്കേറ്റ വിദ്യാർഥി ആദ്യം താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സതേടി. ചുങ്കം കലറക്കാംപൊയിൽ നൗഷാദ്-ഫാമിദ ദമ്പതിമാരുടെ മകൻ മുഹമ്മദ് നാഫി (14)ക്കാണ് മർദനമേറ്റത്.

താമരശ്ശേരി ചുങ്കം ചെക്‌പോസ്റ്റ്-ഇരുമ്പിൻചീടൻകുന്ന് റോഡിൽ വ്യാഴാഴ്ച വൈകീട്ട് ആറ്ുമണിയോടെയാണ് സംഭവം. മർദനമേറ്റ കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ അക്രമം നടത്തിയ കുട്ടികളുടെ പേരിൽ താമരശ്ശേരി പോലീസ് വെള്ളിയാഴ്ച എസ്.ബി.ആർ (സാമൂഹിക പശ്ചാത്തല റിപ്പോർട്ട്) രജിസ്റ്റർ ചെയ്തു.

അക്രമത്തിനിരയായ നാഫിയുടെ ഇളയസഹോദരനെ കുറ്റാരോപിതനായ ഒൻപതാംക്ലാസുകാരന്റെ അനിയൻ നാലുവർഷംമുൻപ് മദ്രസയിൽവെച്ച് ഉപദ്രവിക്കുകയും പിന്നീട് ഇത് ചോദ്യം ചെയ്ത് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. അന്ന് വീട്ടുകാർ ഇടപെട്ട് പ്രശ്‌നം പറഞ്ഞുതീർക്കുകയായിരുന്നു. രണ്ട് ഒൻപതാംക്ലാസ് വിദ്യാർഥികളും ഒരേ സ്‌കൂളിൽ വ്യത്യസ്ത ഡിവിഷനുകളിലാണ് പഠിച്ചുവരുന്നത്.

കഴിഞ്ഞദിവസം നാഫി ചുങ്കത്തെ പള്ളിയിലേക്ക് പോവുന്ന വഴിയിൽ, തന്റെ മൂന്ന് സഹോദരങ്ങളെയും സ്‌കൂട്ടറിൽ കയറ്റി ഒൻപതാംക്ലാസുകാരൻ എത്തുകയായിരുന്നു. ''നീ നാളെ ആന്വൽ ഡേയ്ക്ക് സ്‌കൂളിൽ പോവുന്നുണ്ടോ?' എന്നുചോദിച്ചശേഷം ഈ കുട്ടി നാഫിയെ കയ്യേറ്റം ചെയ്‌തെന്നും, ഇളയ സഹോദരൻ പിടിച്ചുവെച്ചെന്നും മറ്റുമാണ് പരാതി. കുറ്റാരോപിതനായ വിദ്യാർഥി നാലുദിവസംമുൻപ് 'നിനക്കുള്ള പണി ഞാൻ തരുന്നുണ്ട്' എന്നുപറഞ്ഞ് നാഫിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ ആരോപിക്കുന്നു.

Content Highlights: Two 9th graders involved in a physical assault in Thamarassery linked to a four-year-old conflict.