ക്രൈസ്തവര്‍ യൂറോപ്പിലേക്ക് പോകണമെന്നാണോ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്- താമരശ്ശേരി ബിഷപ്പ്

ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ | ഫയല്‍ചിത്രം
ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ | ഫയല്‍ചിത്രം

താമരശ്ശേരി: മതപരിവര്‍ത്തനം ആരോപിച്ച് ഒഡിഷയിലെ ജലേശ്വറില്‍ മലയാളി കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരേയുണ്ടായ ആക്രമണത്തില്‍ ഭരണകൂടത്തിനെതിരേ വിമര്‍ശനവുമായി താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍.

''കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്ത് വിവിധമേഖലകളില്‍ ക്രൈസ്തവര്‍ക്കെതിരായ മതപീഡനത്തില്‍ നൂറിരട്ടി വര്‍ധനയുണ്ടായി. പാകിസ്താനില്‍ ന്യൂനപക്ഷപീഡനമുണ്ടെന്നു പറഞ്ഞ് ഇവിടെ നിയമങ്ങളുണ്ടാക്കി അവിടെനിന്ന് ആളുകളെ ഇങ്ങോട്ടെത്തിക്കുമ്പോള്‍ അതേ സംഭവങ്ങള്‍ തന്നെയാണ് ഇവിടെയും നടക്കുന്നത്. അങ്ങനെയെങ്കില്‍ ഞങ്ങള്‍ യൂറോപ്പിലേക്കു പോകണമെന്നാണോ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്...'' -ബിഷപ്പ് ചോദിച്ചു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിനുമുന്നില്‍ കത്തോലിക്കാ കോണ്‍ഗ്രസ് സംഘടിപ്പിച്ച സാരിവേലിസമരം ഉദ്ഘാടനംചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശ്ശൂരില്‍ ബിജെപിക്ക് സഭ പിന്തുണനല്‍കിയെന്ന എ.കെ. ബാലന്റെ ആരോപണംസംബന്ധിച്ച ചോദ്യത്തിന് ''എ.കെ. ബാലന്‍ ക്രിസ്ത്യാനിയോ ബിജെപിയോ ആണെന്ന് ഞാനറിഞ്ഞില്ല'' എന്ന് പരിഹസിച്ച ബിഷപ്പ്, എന്തെങ്കിലും തെളിവ് കൊണ്ടുവന്നിട്ട് അതേക്കുറിച്ച് സംസാരിക്കാമെന്ന് മറുപടിനല്‍കി.

നക്സലൈറ്റ് ആക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്ത് നടപടിയാണോ സ്വീകരിച്ചത് അതേനടപടികള്‍ ക്രൈസ്തവരെ ആക്രമിക്കുന്ന വിഭാഗത്തിനെതിരേയും ഉണ്ടാവണം. ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍നിന്ന് വളരെ അനുകൂലസമീപനത്തോടെ ആവശ്യമായ സംരക്ഷണം നല്‍കാമെന്ന് ഉറപ്പുനല്‍കിയതിന്റെ അടയാളമാണ് ഛത്തീസ്ഗഢിലെ ജയിലില്‍നിന്ന് കന്യാസ്ത്രീകളുടെ മോചനമെന്ന് ഇഞ്ചനാനിയില്‍ പറഞ്ഞു.

വന്യമൃഗശല്യ വിഷയത്തില്‍ ഒരു പ്രതികരണവും സര്‍ക്കാരിന്റെയും വനംവകുപ്പിന്റെയും ഭാഗത്തുനിന്നുണ്ടാവുന്നില്ല. മലയോരകര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലാത്ത സാഹചര്യത്തിലാണ് ജീവിക്കാനുള്ള അവകാശത്തിനായി സാരിവേലിസമരം ഉള്‍പ്പെടെ സംഘടിപ്പിക്കേണ്ടിവരുന്നത്.

സംസ്ഥാനസര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ കേന്ദ്ര ഗവണ്‍മെന്റിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

വന്യമൃഗശല്യത്തെ പ്രതിരോധിക്കാനുള്ള തോക്ക് ലൈസന്‍സിന് അപേക്ഷിച്ചാല്‍ അത് തരാത്ത സാഹചര്യമാണുള്ളതെന്നും റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

Content Highlights: Bishop Remigiose Inchananiyil criticizes the government`s inaction against attacks on Christians