നിലവാരമില്ലാത്ത പൂജാദ്രവ്യങ്ങൾ ആരോഗ്യത്തിനു ഭീഷണി; പരിശോധനാ സംവിധാനവുമില്ല; ലക്ഷ്യം ലാഭംമാത്രം

ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വംബോർഡിനു കീഴിലെ പ്രമുഖക്ഷേത്രത്തിലെ പൂജാരിമാർ ശ്വസനപ്രശ്നം പതിവായതോടെയാണ് ഡോക്ടർമാരെ കണ്ടത്. ഗുരുതര ശ്വാസകോശരോഗത്തിന്റെ തുടക്കമെന്ന് പരിശോധനയിൽ കണ്ടെത്തി. ശ്രീകോവിലിൽ കത്തിക്കുന്ന എണ്ണയും കർപ്പൂരവുമാണ് കാരണമെന്ന് അന്വേഷണത്തിൽ മനസ്സിലായി. ക്ഷേത്രം മാനേജരോട് പരാതിപ്പെട്ടപ്പോൾ നിസ്സഹായനെന്നു കൈമലർത്തി.
ഒടുവിൽ, ഭക്തരും ഉപദേശകസമിതിയും ഇടപെട്ടു. ലേലംപിടിച്ച കടക്കാരനോട് ശുദ്ധമായ വെളിച്ചെണ്ണയേ ശ്രീകോവിലിലേക്കു നൽകാവൂവെന്ന് താക്കീതു നൽകി. ശ്രീകോവിലിൽ കർപ്പൂരം കത്തിക്കേണ്ടെന്നും തീരുമാനിച്ചു. അതോടെ പൂജാരിമാരുടെ രോഗത്തിനും ആശ്വാസം.
മഹാക്ഷേത്രങ്ങളിലടക്കം പലയിടത്തും ഇതേ സ്ഥിതിയാണ്. മായംകലർന്ന വസ്തുക്കളുടെ ഉപയോഗം ക്ഷേത്രജീവനക്കാരുടെയും ഭക്തരുടെയും ആരോഗ്യത്തിനു ഭീഷണിയാകുകയാണ്. ശ്വസനപ്രശ്നവും ചർമരോഗവുമാണ് പ്രധാന പ്രശ്നം.
മാനദണ്ഡമില്ല, പരിശോധനയും
: ക്ഷേത്രങ്ങളിൽ വിൽക്കുന്നതും ഉപയോഗിക്കുന്നതുമായ പൂജാവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാൻ ദേവസ്വംബോർഡിനു സംവിധാനമില്ല. എണ്ണ, നെയ് തുടങ്ങിയവയുടെ നിലവാരമാനദണ്ഡം ബോർഡ് നിശ്ചയിച്ചിട്ടുമില്ല.
ലക്ഷ്യം ലാഭംമാത്രം
: വരുമാനമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പൂജാദ്രവ്യ വിതരണത്തിനായി ബോർഡ് ലേലം നടത്തുന്നത്. പരമാവധി ലാഭമുണ്ടാക്കാൻ കരാറുകാർ വിലകുറഞ്ഞതും ഗുണമില്ലാത്തതുമായ പൂജാസാധനങ്ങളാണ് ക്ഷേത്രങ്ങളിലെത്തിക്കുന്നത്.
പരിഹാരം
- പൂജാസാധനങ്ങളുടെ ലേലവ്യവസ്ഥ ഒഴിവാക്കൽ
- ഗുണനിലവാരമുള്ളവ ബോർഡ് നേരിട്ടുവാങ്ങി വിതരണംചെയ്യൽ
- നിവേദ്യത്തിന് ഉൾപ്പെടെയുള്ളവ ദേവസ്വം ഗ്രൂപ്പടിസ്ഥാനത്തിൽ എത്തിക്കൽ
ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും
നിലവാരമില്ലാത്ത എണ്ണയും മായംകലർന്ന കർപ്പൂരവും ചന്ദനത്തിരിയും കത്തിക്കുമ്പോഴുള്ള പുക ശ്വസിക്കുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ശ്വാസതടസ്സം, കണ്ണു പുകച്ചിൽ, തലവേദന, അലർജി തുടങ്ങി അർബുദത്തിനുവരെ കാരണമാകും.
-ഡോ. സാബു സുഗതൻ
സീനിയർ സിവിൽ സർജൻ
കെ.ജി.എം.ഒ.എ. ജില്ല പ്രസിഡന്റ്
ഗുണനിലവാരം ഉറപ്പാക്കണം
പുകവലിക്കാരിൽ കാണുന്നതിനെക്കാൾ ഗുരുതര ശ്വാസകോശരോഗങ്ങളാണ് ഉണ്ടാകുന്നത്. പൂജാവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ദേവസ്വംബോർഡ് തയ്യാറാകണം.
-വി. ഹരികുമാർ നമ്പൂതിരി
സംസ്ഥാന ഉപാധ്യക്ഷൻ, യോഗക്ഷേമസഭ
Content Highlights: Adulterated oil and camphor in temples cause respiratory issues among priests., Lack of quality control mechanisms by the Devaswom Board., Profit-driven auctions lead to the procurement of low-quality pooja materials., Medical experts warn of long-term health risks including cancer., Proposed solutions include direct procurement by the Board and stricter standards.