87% ക്ഷേത്രഭൂമിയും കൈയേറി, നഷ്ടമായത് 24,693.24 ഏക്കർ; തിരിച്ചുപിടിക്കാൻ മലബാർ ദേവസ്വം ബോർഡ് ശ്രമിക്കുന്നില്ലെന്ന് നിയമസഭാസമിതി

കോട്ടയം: വൻേതാതിലുള്ള കൈയേറ്റത്തിൽ ക്ഷേത്രങ്ങളുടെ കൈവശമുള്ള ഭൂമി എട്ടിലൊന്നായി ചുരുങ്ങിയെന്ന് കണ്ടെത്തൽ. കൈയേറ്റംനടന്നിട്ടും തിരിച്ചുപിടിക്കാൻ മലബാർ ദേവസ്വം ബോർഡ് ശ്രമിക്കുന്നില്ലെന്ന് നിയമസഭയുടെ ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി. ദേവസ്വം ബോർഡിന്റെ അനാസ്ഥയിൽ അതൃപ്തി രേഖപ്പെടുത്തിയ കമ്മിറ്റി, ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്ന് നിർദേശിച്ചു.
സമഗ്ര സർവേ നടത്തി കൈയേറ്റഭൂമി തിരിച്ചുപിടിക്കണമെന്ന് ടി.പി. രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനായ സമിതി ശുപാർശചെയ്തു. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള 1341 ക്ഷേത്രങ്ങൾക്ക് 3112.20 ഏക്കർ ഭൂമിയാണ് ഇപ്പോൾ കൈവശമുള്ളത്. കൈയേറ്റത്താൽ നഷ്ടമായത് 24,693.24 ഏക്കറും. ഇതിൽ വീണ്ടെടുക്കാൻ സാധിച്ചത് 3.31 ഏക്കർ മാത്രമാണെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ് ദേവസ്വം ഓഡിറ്റ് വിഭാഗം പരിശോധനയിൽ കണ്ടെത്തി. എട്ടുമടങ്ങോളം കൈയേറിയിട്ടും തിരിച്ചുപിടിക്കാത്തതെന്തെന്ന സമിതിയുടെ ചോദ്യത്തിന്, ഭൂമി സംരക്ഷിക്കേണ്ടത് റവന്യൂ അധികാരികളാണെന്നായിരുന്നു ദേവസ്വം കമ്മിഷണറുടെ മറുപടി.
അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാൻ മലബാർ ദേവസ്വം ബോർഡിനുമാത്രമായി ലാൻഡ് കൺസർവൻസി (എൽസി) യൂണിറ്റ് തുടങ്ങാൻ റവന്യൂവകുപ്പുമായി ചർച്ച നടത്തിയതായും കമ്മിഷണർ പറഞ്ഞു. കൈയേറ്റഭൂമി സർവേചെയ്ത് ഒഴിപ്പിക്കാൻ പ്രത്യേക സംവിധാനമില്ല.
Content Highlights: Malabar Devaswom Board faces criticism for failing to reclaim vast tracts of temple land encroached upon. A committee recommends immediate action to recover lost properties.