റിസര്‍വ് വനത്തില്‍നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന തേക്ക് മരങ്ങള്‍ മുറിച്ചുകടത്തി, പ്രതികള്‍ കാണാമറയത്ത്

നേര്യമംഗലം: മലയാറ്റൂര്‍ റിസര്‍വ് വനത്തില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന മൂന്ന് തേക്കുമരങ്ങള്‍ മുറിച്ചുകടത്തി. മലയാറ്റൂര്‍ റിസര്‍വിന്റെ ഭാഗമായ കരിമണല്‍ നഗരംപാറ ഡെപ്യൂട്ടി റേഞ്ച് ഓഫിസ് പരിധി ആഡിറ്റ് വണ്‍ ഭാഗത്ത് നിന്നുമാണ് മരങ്ങള്‍ വെട്ടി കടത്തിയത്. മൂന്നുമാസങ്ങള്‍ക്ക് മുന്‍പ് നടന്ന മരം മുറിക്കല്‍ വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത് ഒരുമാസം മുന്‍പ് മാത്രമാണ്.
റോഡില്‍ നിന്നും 200 മീറ്റര്‍ മാറി കാടിനുള്ളില്‍ നിന്നുമാണ് മരങ്ങള്‍ മുറിച്ചിരിക്കുന്നത്. ഇതിന് സമീപമാണ് നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫിസ്. മുഴുവന്‍ സമയവും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുള്ള പ്രദേശത്തുനിന്നുമാണ് മരങ്ങള്‍ വെട്ടി കടത്തിയിരിക്കുന്നത് എന്നതാണ് ഗൗരവകരമായ കാര്യം. മരംകൊള്ളയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെടാന്‍ വൈകിയതാണ് പ്രതികളെ കണ്ടെത്താന്‍ വൈകുന്നതിന് കാരണം.
Content Highlights: teak trees worth lakhs were cut from the reserve forest