അധ്യാപകരെ അകത്താക്കി സ്കൂൾ ഗേറ്റ് പൂട്ടി സമരക്കാർ; പോലീസെത്തി പൂട്ട് തകർത്ത് പുറത്തിറക്കി

അരുവിക്കര എല്‍പിസ്‌കൂളിന്‍റെ ഗേറ്റ് പോലീസ് തുറക്കുന്നു.
അരുവിക്കര എല്‍പിസ്‌കൂളിന്‍റെ ഗേറ്റ് പോലീസ് തുറക്കുന്നു.

തിരുവനന്തപുരം: പണിമുടക്ക് ദിവസം ജോലിക്കെത്തിയ അധ്യാപകരെ അകത്താക്കി സ്കൂളിന്‍റെ ഗേറ്റ് പുറത്തുനിന്ന് പൂട്ടി സമരാനുകൂലികൾ. അരുവിക്കര എല്‍പിസ്‌കൂളില്‍ ജോലിക്കെത്തിയ അഞ്ച് അധ്യാപകരെയാണ് സ്‌കൂൾ മതിൽക്കെട്ടിന് ഉള്ളിലാക്കി ഗേറ്റ് പൂട്ടിയത്. ജോലിസമയം കഴിഞ്ഞിട്ടും തുറന്നുനൽകാതിരുന്നതോടെ പോലീസ് എത്തി പൂട്ടുതകർത്ത് അധ്യാപകരെ പുറത്തിറക്കി.

പണിമുടക്ക് ദിനത്തിൽ അധ്യാപകർ ജോലിക്കെത്തിയതിൽ പ്രകോപിതരായാണ് പ്രവർത്തകർ ഗേറ്റ് പുറത്തുനിന്ന് പൂട്ടിയത്. താക്കോലുമായി സമരക്കാർ പോകുകയും ചെയ്തു. ഡ്യൂട്ടിസമയം കഴിഞ്ഞ് ഗേറ്റ് തുറക്കാം എന്നായിരുന്നു സമരക്കാരുടെ നിലപാട്. എന്നാൽ, സ്കൂളിന്‍റെ പ്രവർത്തനസമയമായ 3.30 കഴിഞ്ഞിട്ടും ഗേറ്റ് തുറന്നുനൽകിയില്ല. ഇതോടെയാണ് അരുവിക്കര സി.ഐ യുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പൂട്ട് തല്ലി തകർത്ത് അധ്യാപകരെ പുറത്തിറക്കിയത്.

അരുവിക്കര ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പ്രവർത്തകർ ഗേറ്റ് പൂട്ടിയിരുന്നു. 10 വനിതാ അധ്യാപകരും ഒരു പുരുഷ അധ്യാപകനും സ്‌കൂളില്‍ ഉണ്ടായിരുന്നു. എല്‍പി സ്‌കൂളില്‍ സിഐ ഗേറ്റ് പൊളിച്ചതിന് പിന്നാലെ സമരക്കാര്‍ ഇവിടെയെത്തി വൈകുന്നേരത്തോടെ ഗേറ്റ് തുറന്നുനൽകി.

Content Highlights: Five teachers locked inside Aruvikkara LP school during a strike