കായികമേളയിലെ 'പുഴു' വിവാദം; വീഡിയോ എടുത്ത അധ്യാപകൻ അറസ്റ്റിൽ, ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കും

#ന്യൂസ് ഡെസ്ക്
സാമ്പാറിൽനിന്ന് ലഭിച്ചുവെന്ന് പറയുന്ന പുഴുവിന്റെ ദൃശ്യം | കായികമന്ത്രി എൻ. ഷംസുദ്ദീൻ
സാമ്പാറിൽനിന്ന് ലഭിച്ചുവെന്ന് പറയുന്ന പുഴുവിന്റെ ദൃശ്യം | കായികമന്ത്രി എൻ. ഷംസുദ്ദീൻ

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായിക മേളയിലെ ഉച്ചഭക്ഷണത്തിനൊപ്പം നൽകിയ സാമ്പാറിൽ പുഴുവുണ്ടെന്ന സംശയത്തിൽ വീഡിയോ എടുത്ത അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. എറണാകുളം വെസ്റ്റ് വെങ്ങോല ശാലേം സ്‌കൂളിലെ അധ്യാപകൻ ജിജോ ജയിംസ് (35) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.

കായികമേള നടക്കുന്ന സ്ഥലത്ത് സംഘർഷം ഒഴിവാക്കുന്നതിനായി അധ്യാപകനെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുന്ദമംഗലം പോലീസ് സ്‌റ്റേഷനിലാണ് ജിജോ ഇപ്പോഴുള്ളത്. ഇയാൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും എന്നാണ് വിവരം. ജിജോ ജയിംസിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തതായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പുഴുവുണ്ടെന്ന സംശയത്തിൽ

വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട സംഘാടകർ കാര്യം തിരക്കിയതോടെ വാക്കേറ്റമായി. സംഭവം കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ പോലീസെത്തി അധ്യാപകനെ കുന്ദമംഗലം സ്റ്റേഷനിലേക്ക് മാറ്റുകയും പിന്നീട് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

മേളയുടെ ശോഭ കെടുത്താൻ മനഃപൂർവം ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സംഘാടകർ പരാതി നൽകിയിട്ടുണ്ട്. മേളയുടെ ആദ്യ നാളിൽ വിതരണം ചെയ്ത പ്രഭാതഭക്ഷണത്തിൽനിന്ന് പുഴുവിനെ കിട്ടിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.

ഗൂഢാലോചനയെക്കുറിച്ചും അന്വേഷണം നടത്തും -മന്ത്രി

കടുത്ത രാഷ്ട്രീയവിരോധവും, മറ്റ് ചില താത്പര്യങ്ങളും വെച്ച് ഇത്തരം മേളകളെ അലങ്കോലമാക്കാൻ ശ്രമിക്കുന്നവർ കേരളത്തിലെ വിദ്യാർഥിസമൂഹത്തോട് ചെയ്യുന്ന കടുത്ത അപരാധമാണെന്ന് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ പറഞ്ഞു.

‘കഴിഞ്ഞദിവസം രാവിലത്തെ പ്രഭാതഭക്ഷണത്തിൽ ഒരു പുഴു നാടകവും, ഇന്ന് ഉച്ചഭക്ഷണത്തിൽ വീണ്ടും മറ്റൊരു പുഴുനാടകവും തുടരുന്നു. ഇന്നത്തേത് കൈയോടെ പിടിച്ചതോടെ പൊളിഞ്ഞു. ഒരു കായികാധ്യാപകനും, രണ്ട് ചാനലുകാരും കൂടി ഉണ്ടാക്കിയ തിരക്കഥയായിരുന്നു ഇത്.

അധ്യാപകനെതിരേ നടപടി ഉണ്ടാകും, പോലീസ് നടപടിയും സ്വീകരിക്കും. സംഭവത്തെക്കുറിച്ചുള്ള ഗൂഢാലോചനയെക്കുറിച്ചും അന്വേഷണം നടത്തും.’ - മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

Content Highlights: A teacher, Jijo James, was arrested by police in Kozhikode for filming a video suspecting a worm in the school sports festival lunch, leading to a disturbance. The incident escalated into a confrontation, prompting police intervention and the teacher's custody, with potential additional charges being considered. Education Minister Shamsuddin criticized the incident as a deliberate attempt to disrupt the festival, promising action against the teacher and an investigation into the alleged conspiracy.