താനൂർ കസ്റ്റഡി മരണം; സുജിത്‌ ദാസിനെ വീണ്ടും ചോദ്യം ചെയ്ത് സി.ബി.ഐ

എസ്. സുജിത്ദാസ് | Photo: Mathrubhumi
എസ്. സുജിത്ദാസ് | Photo: Mathrubhumi

തിരുവനന്തപുരം: താനൂർ കസ്റ്റഡി മരണ കേസിൽ മലപ്പുറം മുൻ എസ്‌.പി. സുജിത് ദാസിനെ സി.ബി.ഐ. വീണ്ടും ചോദ്യം ചെയ്തതായി സൂചന. കഴിഞ്ഞവർഷമാണ്‌ മലപ്പുറം താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കേ താമിർ ജിഫ്രി എന്ന യുവാവ് മരിച്ചത്. പി.വി.അൻവർ എം.എൽ.എ.യുമായുള്ള ഫോൺ സംഭാഷണം പുറത്തായതിനെത്തുടർന്ന്‌ പത്തനംതിട്ട മുൻ എസ്‌.പി.യായിരുന്ന സുജിത്‌ ദാസിനെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു.

തിരുവനന്തപുരത്തെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് മുൻ എസ്‌.പി.യെ ചോദ്യം ചെയ്‌തതെന്നാണ്‌ വിവരം. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധസേനയാണ്(ഡാൻസാഫ്) താമിറിനെയും സംഘത്തെയും അറസ്റ്റുചെയ്തത്. താനൂരിൽനിന്ന് എം.ഡി.എം.എ.യുമായി ഇവരെ അറസ്റ്റുചെയ്തുവെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ, ചേളാരി ആലുങ്ങലിലെ ഒരു വാടകമുറിയിൽനിന്നാണ് അറസ്റ്റുചെയ്യപ്പെട്ടതെന്ന് ജിഫ്രിയുടെ സുഹൃത്തുക്കൾ പിന്നീട് സി.ബി.ഐ.യ്ക്കു മൊഴിനൽകി. പ്രതികളായ പോലീസുകാരെ രക്ഷിക്കാൻ അന്നത്തെ ജില്ലാ പോലീസ് മേധാവി സുജിത്ദാസ് ശ്രമിച്ചുവെന്ന് താമിറിന്റെ വീട്ടുകാർ ആരോപിച്ചിരുന്നു.

താമിർ അനുഭവിച്ച ക്രൂരമായ പീഡനത്തിന്റെ വ്യക്തമായ ചിത്രമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞത്. ഈ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

Content Highlights: Tanur custodial death, Sujit das questioned by CBI