പെരുന്നയിലെയും കണിച്ചുകുളങ്ങരയിലെയും ഗുരുദേവൻമാർ ചെയ്യുന്നത് എല്ലാവർക്കുമറിയാം – ടി.പത്മനാഭൻ

കണ്ണൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെയും പേരെടുത്ത് പറയാതെ രൂക്ഷമായി വിമർശിച്ച് കഥാകൃത്ത് ടി. പത്മനാഭൻ.
പെരുന്നയിലെയും കണിച്ചുകുളങ്ങരയിലും രണ്ടു ഗുരുദേവന്മാരുണ്ടല്ലോ, അവർ ചെയ്യുന്നത് എന്താണെന്ന് എല്ലാവർക്കും അറിയാമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പത്മനാഭൻ പറഞ്ഞു.
ശ്രീനാരായണ ധർമപരിപാലന സംഘത്തിന്റെ തലപ്പത്ത് ഇരിക്കുന്നവർ അബ്കാരികളും ബിസിനസുകാരുമാണ്. അവർ പുതിയകാലത്ത് ഗുരുദേവന് പുതിയ വ്യാഖ്യാനം ചമയ്ക്കുന്നു. കുറച്ചുനാൾ മുൻപ് ഒരു ഘോഷയാത്ര കാണാനിടയായി. അതിൽ മഞ്ഞപ്പതാകയിൽ ഭൂതക്കണ്ണാടിവെച്ച് നോക്കിയാൽ ഗുരുദേവനെ കാണാൻ കഴിയും. എന്നാൽ ആധുനികകാലത്തെ വലിയ ഗുരുവിന്റെ വലിയ ചിത്രം വ്യക്തമായി കാണാൻ സാധിച്ചു. ആ ഗുരു ആരാണെന്ന് പറയേണ്ട ആവശ്യമില്ലല്ലോ. ഇന്നത്തെ പെരുന്നയിലെ ഭരണകർത്താവിനെവെച്ച് മന്നത്ത് പദ്‌മനാഭനെ താരതമ്യം ചെയ്യരുത്. ഹരിജൻകുട്ടികളാണ് ചെറുപ്പം മുതൽ മന്നത്തിന്റെ കൂട്ടുകാർ. അദ്ദേഹത്തിന്റെ അമ്മയാണ് കുട്ടികൾക്ക് ഭക്ഷണം നൽകിയിരുന്നത്. പക്ഷേ, ഇന്ന് പെരുന്നയിലെ വലിയ ആൾ അങ്ങനെയാണോ-അദ്ദേഹം ചോദിച്ചു.
സംസ്കാരത്തിന്റെ അധിപനായ മന്ത്രിയാണ് ജാതിപറഞ്ഞ് അട്ടഹസിക്കുന്നത്. മാധ്യമപ്രവർത്തകർ ഇക്കാര്യം ചോദിക്കുമ്പോൾ ക്ഷുഭിതനാകുകയാണ്. നാട് എങ്ങോട്ടാ പോകുന്നത്. വിചാരണകൂടാതെ തടവിലിട്ട മദനിയോട് നാം ചെയ്തത് നീതിയല്ല.
വിദ്വേഷപ്രസംഗം നടത്തിയ മദനിയോട് ചങ്ങാത്തമുണ്ടാക്കിയ പാർട്ടി ഏതാണെന്ന് എല്ലാവർക്കും അറിയാം. വർഷങ്ങൾക്ക് മുൻപ് സ്വാമി വിവേകാന്ദൻ അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞു കേരളം ഒരു ഭ്രാന്താലയമാണെന്ന്. അത് അക്ഷരംപ്രതി സത്യവുമാണ്. നമ്മുക്ക് നവോത്ഥാനനായകൻ എന്ന് പറയാൻ ഒരു വ്യക്തി മാത്രമേയുള്ളൂ. അത് ശ്രീനാരായണഗുരുവാണ്. അദ്ദേഹം പറഞ്ഞ മഹത്തായ കാര്യങ്ങൾ പറയുന്നവരുടെ അവസ്ഥയെന്താണ്. ഇന്ന് കേരളം കാണുന്നത് ഭ്രാന്താലയത്തിനപ്പുറം നട്ടഭ്രാന്താലയമാണെന്ന് പറയേണ്ട ഗതികേടിലാണിലാണ്. പ്രത്യക്ഷത്തിൽ അയിത്തമോ ജാതിയോ ഇല്ല. എന്നാൽ നമ്മുടെ എല്ലാവരുടെയും ചിന്തയിൽ ജാതി അതിശക്തമായി വേരൂന്നിയിട്ടുണ്ട്-പത്മനാഭൻ അഭിപ്രായപ്പെട്ടു.
കെഎസ്എസ്‍പിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്. സലിം അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ വിനോയ് തോമസ്, വി. മധുസൂധനൻ, എം. സുജയ്, കെ. പ്രമോദ് എന്നിവർ സംസാരിച്ചു.
Content Highlights: t padmanabhan criticism vellapally natesan sukumaran nair