ജെ.പി.യുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന ടി. എബ്രഹാം അന്തരിച്ചു

മാന്നാർ(ആലപ്പുഴ): സോഷ്യലിസ്റ്റ് നേതാവ് ലോക്നായക് ജയപ്രകാശ് നാരായണന്റെ (ജെ.പി.) പേഴ്സണൽ സെക്രട്ടറിയായിരുന്ന ആലപ്പുഴ മാന്നാർ കുട്ടമ്പേരൂർ കുന്നയ്ക്കൽ ടി. എബ്രഹാം (കൊച്ചുകുഞ്ഞ്-93) അന്തരിച്ചു. വാർധക്യസഹജമായ അസുഖംമൂലം ചികിത്സയിലിരിക്കേ ചൊവ്വാഴ്ച വൈകീട്ടായിരുന്നു മരണം.
1965 മുതൽ 1979-ൽ ജെ.പി.യുടെ അന്ത്യംവരെയുള്ള 14 വർഷം അദ്ദേഹത്തിന്റെ നിഴൽപോലെ കൂടെയുണ്ടായിരുന്ന എബ്രഹാം, പിന്നീട് എറണാകുളത്ത് ടാറ്റാ കമ്പനിയിൽ പി.ആർ.ഒ. ആയിരുന്നു. വിരമിച്ചശേഷം മാന്നാർ കുട്ടമ്പേരൂരിലെ വീട്ടിൽ വിശ്രമജീവിതത്തിലായിരുന്നു.
സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം തൊഴിൽതേടി ഭോപാലിലേക്കും തുടർന്ന് ഡൽഹിയിലേക്കും പോയ എബ്രഹാം, ഡൽഹിയിലെ ഓൾ ഇന്ത്യ പഞ്ചായത്തു പരിഷത്തിൽ സ്റ്റെനോഗ്രാഫറായി ജോലിചെയ്യുമ്പോഴാണ് ജയപ്രകാശ് നാരായണനെ കണ്ടതും ഒപ്പം കൂടിയതും.
ബംഗ്ലാദേശ് വിമോചന പ്രവർത്തനം, ചമ്പൽക്കൊള്ളക്കാരുടെ കീഴടങ്ങൽ, ബിഹാർ വിദ്യാർഥിപ്രക്ഷോഭം എന്നിവയിലെല്ലാം ജെ.പി.ക്കൊപ്പം എബ്രഹാമും ഉണ്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടങ്ങളിലും ജെ.പി.യുടെ ജയിൽവാസത്തിലും ജനതാപാർട്ടി രൂപവത്കരിച്ച് കേന്ദ്രത്തിൽ അധികാരമാറ്റമുണ്ടാക്കിയ കാലത്തും വിദേശരാജ്യ സന്ദർശനങ്ങളിലും എബ്രഹാം സാക്ഷിയായി.
രോഗം ബാധിച്ച് ജെ.പി. മുംബൈയിലെ ജസ്ലോക് ആശുപത്രിയിൽ കഴിഞ്ഞ നാളുകളിലും അദ്ദേഹത്തെ പരിചരിച്ച് കൂടെയുണ്ടായിരുന്നു. എബ്രഹാമിന്റെ അനുഭവങ്ങൾ ഉൾപ്പെടുത്തി ഫാ. എബ്രഹാം കോശി കുന്നുംപുറത്ത് രചിച്ച ‘ജയപ്രകാശ് നാരായണന്റെ നിഴലായി ഒരാൾ’ എന്ന പുസ്തകം മാതൃഭൂമി ബുക്സാണു പ്രസിദ്ധീകരിച്ചത്. തിരുവല്ല കടപ്ര തുള്ളക്കളത്തിൽ കുടുംബാംഗം അമ്മിണിയാണു ഭാര്യ.
മക്കൾ: മിനി ജേക്കബ്, ടോം പ്രകാശ്, പ്രഭാഷ് (എല്ലാവരും കുവൈത്ത്). മരുമക്കൾ: ജേക്കബ്, ആശ, സൂസൻ (എല്ലാവരും കുവൈത്ത്). സംസ്കാരം വെള്ളിയാഴ്ച 11-ന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം കുട്ടമ്പേരൂർ സെയ്ന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയ (മുട്ടേൽ പള്ളി) സെമിത്തേരിയിൽ.
Content Highlights: T. Abraham, personal secretary to Jayaprakash Narayan for 14 years, passed away at the age of 93., He was a witness to major historical events including the JP movement, Bangladesh liberation, and the Emergency., He worked as a PRO for the TATA company in Ernakulam after his service with JP., His memoirs were published as a book titled 'Jayapraksh Narayananude Nizhalayi Ooral'.