കള്ളക്കടൽ: റെഡ് അലര്‍ട്ട് പിന്‍വലിച്ചു, പകരം ഓറഞ്ച് അലര്‍ട്ട്; ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തില്‍ കേരള- തമിഴ്‌നാട് തീരത്ത് പുറപ്പെടുവിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS). പകരം, കേരളതീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ (05-05-2024)  രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ അതിതീവ്രതിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന്  സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

തെക്കന്‍ തമിഴ്നാട് തീരത്ത് തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ (05-05-2024)  രാത്രി 11.30 വരെ 0.5 മുതല്‍ 1.8 മീറ്റര്‍ വരെ അതിതീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന്  സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. 
2. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
4. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ എല്ലാ ബീച്ചുകളില്‍നിന്നും ആളുകളെ ഒഴിവാക്കണം.
5. കേരള തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഈ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ വള്ളങ്ങളിലും ചെറിയ യാനങ്ങളിലും  മത്സ്യബന്ധനം നടത്താന്‍ പാടുള്ളതല്ല.
6. കേരള തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഈ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ പൊഴികളില്‍നിന്നും അഴിമുഖങ്ങളില്‍ നിന്നും മത്സ്യബന്ധനത്തിനായി ചെറിയ യാനങ്ങളില്‍  കടലിലേക്ക് പുറപ്പെടാന്‍ പാടുള്ളതല്ല. കടല്‍ പ്രക്ഷുബ്ധമായിരിക്കും.

അതേസമയം സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന ഉഷ്ണതരംഗ മുന്നറിപ്പും പിന്‍വലിച്ചു. എന്നാല്‍ ചൂടേറിയതും അസ്വസ്ഥതയേറിയതുമായ അന്തരീക്ഷ സ്ഥിതി തുടരും. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഇന്ന് രാത്രി താപനില മുന്നറിയിപ്പുണ്ട്. 

Content Highlights: swell surge orange alert heat wave warning