പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിനെതിരേ നടപടി

ഷംനാദ് മധുരവിതരണം നടത്തുന്നു, പാലോട് രവി
ഷംനാദ് മധുരവിതരണം നടത്തുന്നു, പാലോട് രവി

തിരുവനന്തപുരം: പാർട്ടിയെ പ്രതിരോധത്തിലാക്കിയ ഫോൺസംഭാഷണം ചോർന്നതിനെ തുടർന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പാലോട് രവി രാജിവെച്ചതിന് പിന്നാലെ മധുരവിതരണം. പെരിങ്ങമ്മല യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷംനാദ് പാലോടാണ് മധുരം വിതരണം ചെയ്തത്. ഷംനാദിന്റെ മധുരവിതരണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ ഷംനാദിനെ യൂത്ത് കോണ്‍ഗ്രസ് തല്‍സ്ഥാനത്തുനിന്ന് നീക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. 

തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകള്‍ കഴിയുമ്പോള്‍ കോണ്‍ഗ്രസിന് അധോഗതിയായിരിക്കുമെന്നും കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നുമായിരുന്നു പാലോട് രവിയുടെ ചോർന്ന ഫോൺസംഭാഷണത്തിലുള്ളത്. എല്‍ഡിഎഫിന് തുടര്‍ഭരണം കിട്ടുമെന്നും ബിജെപി 60 മണ്ഡലങ്ങളില്‍ അന്‍പതിനായിരം വോട്ടുകള്‍വരെ പിടിക്കുമെന്നും ജലീലുമായുള്ള സംഭാഷണത്തില്‍ പറഞ്ഞു. പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയെക്കുറിച്ച് പറയുമ്പോഴായിരുന്നു പാലോട് രവിയുടെ ഈ പരാമര്‍ശങ്ങള്‍.

കോണ്‍ഗ്രസിന്റെ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ. ജലീലുമായി പാലോട് രവി ഏപ്രില്‍ നടത്തിയ ഫോണ്‍സംഭാഷണമാണ് പുറത്തെത്തിയത്.


 

Content Highlights: sweet distribution after palode ravi resignation youth congress office bearer removed