ഇനിയും സമ്മാനിക്കാതെ സ്വാതി പുരസ്‌കാരം, 2021-ലെ ജേതാവിന് കിട്ടിയത് പുരസ്കാരമുണ്ടെന്നുള്ള കത്തുമാത്രം

തൃശ്ശൂർ: സംഗീതലോകത്തെ പ്രതിഭകൾക്ക് കേരള സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പ്രധാന ബഹുമതിയായ സ്വാതി പുരസ്‌കാരം ഒരു വർഷം കഴിയാറായിട്ടും നൽകിയില്ല. കഴിഞ്ഞ ജനുവരി 12-നാണ് 2021-ലെ പുരസ്‌കാരം പ്രഖ്യാപിച്ചത്. ‘കേരളീയ’ത്തിൽ പങ്കെടുത്ത സംഗീത കലാകാരന്മാരുടെ പ്രതിഫലം കൊടുത്തുതീർത്തിട്ടുമില്ല.
പ്രൊഫ. പി.ആർ. കുമാര കേരളവർമയെയാണ് 2021-ലെ സ്വാതി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. പുരസ്‌കാരത്തിന് തിരഞ്ഞെടുത്തുകൊണ്ടുള്ള കത്തല്ലാതെ മറ്റൊന്നും ഇതുവരെ ഇദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്ന് ശിഷ്യന്മാർ പറയുന്നു.
സംഗീതത്തിന് കരുത്തുറ്റ സംഭാവന നൽകിയ ഒട്ടേറെ പ്രതിഭകളെ കലാരംഗത്തേക്ക് പിടിച്ചുയർത്തിയ അഭിവന്ദ്യനായ അധ്യാപകന് കുറേക്കൂടി പരിഗണന നൽകണമെന്ന വിമർശനമാണിവർ ഉന്നയിക്കുന്നത്. സമാന മേഖലകളിലെ തുടർന്നുള്ള അവാർഡുകൾ പ്രഖ്യാപിച്ചിട്ടും 2021-നുശേഷമുള്ള സ്വാതി പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചിട്ടുമില്ല.
കഴിഞ്ഞ കേരളീയം പരിപാടിയിൽ പങ്കെടുത്ത നൂറുകണക്കിന് കലാകാരന്മാർക്ക് പ്രതിഫലം കൊടുത്തുതീർക്കാനുണ്ടെന്നും പറയുന്നു. വടകരയിൽനിന്നുള്ള സംഘത്തിന് രണ്ട് പരിപാടികളാണ് തിരുവനന്തപുരത്ത് കേരളീയത്തിലുണ്ടായിരുന്നത്. ഇതിൽ ഒന്നിന്റെ തുകയായ 35,000 രൂപ മാത്രമാണ് ഇതുവരെ നൽകിയത്. അതേസമയം കേരളീയത്തിൽ പങ്കെടുത്തവർക്ക് പ്രതിഫലം മുൻകൂറായി കൊടുത്തെന്ന പരാതിയും ഉയരുന്നുണ്ട്.
സാധാരണ കലാകാരന്മാർക്ക് അവഗണന
കലകൊണ്ടുമാത്രം ജീവിക്കുന്ന സാധാരണ കലാകാരന്മാരെ അവഗണിച്ചുകൊണ്ട് സെലിബ്രിറ്റികളെ ആഘോഷിക്കുന്ന രീതി ശരിയല്ല. എല്ലാവർക്കും തുല്യമായ പരിഗണനയാണ് നൽകേണ്ടത്. കേരളീയത്തിൽ പങ്കെടുത്ത കലാകാരന്മാർക്ക് പ്രതിഫലം കൊടുത്തുതീർത്തിട്ടില്ലെന്നത് നേരിട്ടറിയാവുന്ന വസ്തുതയാണ്.
-വി.ടി. മുരളി, സംഗീതജ്ഞൻ
Content Highlights: Kerala`s Swathi Puraskaram award for 2021 delayed vt murali responding