മയക്കുമരുന്ന് കടത്തുന്നെന്ന് സംശയം, കാർ പോലീസ് തടഞ്ഞു; കനാലിൽ ചാടിയ ആൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

ചാവക്കാട് (തൃശ്ശൂർ): കാറിൽ മയക്കുമരുന്ന് കടത്തുകയാണെന്ന സംശയത്തെ തുടർന്ന് നാലംഗ സംഘത്തെ പോലീസ് വളഞ്ഞു. പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുന്നതിനിടെ കനോലി കനാലിൽ ചാടിയ ഒരാൾ ഉൾപ്പെടെ മൂന്നുപേരെ പോലീസ് പിടികൂടി. ഒരാൾ രക്ഷപ്പെട്ടതായി സംശയിക്കുന്നു.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചാവക്കാട് പുതിയ പാലത്തിനു മുകളിൽനിന്ന് കനോലി കനാലിലേക്ക് ചാടിയ ആൾക്ക് സാരമായി പരിക്കേറ്റിട്ടുമുണ്ട്. ഇയാളെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ചാവക്കാട് ടൗണിൽ പുതിയ പാലത്തിനു സമീപമാണ് നാടകീയമായ സംഭവം ഉണ്ടായത്. മലയാളികൾക്കൊപ്പം ഒഡീഷ സ്വദേശികളും വാഹനത്തിലുണ്ടായിരുന്നെന്നാണ് വിവരം.
ഇവരെ പുറത്തുനിന്നുള്ള മഫ്ടി പോലീസ് പിന്തുടർന്നിരുന്നു. പിന്നീട് ചാവക്കാട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഘത്തെ പിടികൂടാൻ പാലത്തിന് മുകളിൽ നിലയുറപ്പിച്ചിരുന്ന ചാവക്കാട് പോലീസ് വാഹനമെത്തിയപ്പോൾ തടഞ്ഞു. ഇതോടെ രക്ഷപ്പെടാൻ പഴുതില്ലാതായി. തുടർന്ന് സംഘം വാഹനത്തിൽനിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. കാറിൽ മയക്കുമരുന്ന് കടത്തുകയായിരുന്നു ഇവരെന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.