കലാഹൃദയങ്ങളിൽ തിളങ്ങുന്ന സൂര്യശോഭ- എം.വി. ശ്രേയാംസ് കുമാർ

സൂര്യ കൃഷ്ണമൂർത്തി | Photo: Mathrubhumi
സൂര്യ കൃഷ്ണമൂർത്തി | Photo: Mathrubhumi

തിരുവനന്തപുരം: സൂര്യ കൃഷ്ണമൂർത്തിയുടെ നിര്യാണത്തോടെ കേരളത്തിന് നഷ്ടപ്പെടുന്നത് അതുല്യനായ ഒരു കലാകാരനെയും കലാസംഘാടകനെയുമാണെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ അനുസ്മരിച്ചു.

കലാപോഷണത്തിനായി ഒരു ജീവിതകാലം മുഴുവൻ അരങ്ങിലും അണിയറയിലും നിറഞ്ഞുനിന്ന സൂര്യ കൃഷ്ണമൂർത്തി ഒരു വ്യക്തിയെന്നതിലപ്പുറം ഒരു പ്രസ്ഥാനവും കലയെ നെഞ്ചോടുചേർത്തവർക്ക് ഒരു വികാരവുമായിരുന്നു.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നുവന്ന സൂര്യ ഫെസ്റ്റിവൽ കേരളത്തെ രാജ്യത്തിന്റെ കലാഭൂപടത്തിൽ പ്രതിഷ്ഠിക്കുക മാത്രമല്ല ചെയ്തത്. ഭാരതത്തിന്റെ ആത്മാവായ, വിവിധ ദേശങ്ങളിലെ കലാസരണികളിലേക്ക്‌ കേരളത്തിന്റെ വാതായനങ്ങൾ തുറന്നുവെയ്ക്കുകയും ചെയ്തു. കലയുടെ ദേശീയതയെന്ന ആശയമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പ്രമുഖ കലാകാരന്മാരെയും കലാകാരികളെയും കേരളം പരിചയപ്പെട്ടത് അദ്ദേഹമൊരുക്കിയ വേദിയിലൂടെയാണെന്നത് മറക്കാനാവില്ല. 49 വർഷമായി മുടങ്ങാത നടക്കുന്ന സൂര്യ ഫെസ്റ്റിവൽ ലോകത്തെതന്നെ വിസ്മയകരമായ കലാപ്രസ്ഥാനങ്ങളിലൊന്നാണ്. ആ സൂര്യശോഭ മറയുന്നില്ല. കേരളത്തിന്റെ കലാഹൃദയങ്ങളിൽ എന്നും അത് തിളങ്ങിനിൽക്കും -ശ്രേയാംസ് കുമാർ പറഞ്ഞു.

അനുശോചനവുമായി കേരളം

സംഗീതം, നൃത്തം, നാടകം തുടങ്ങി കലയുടെ വിവിധ മേഖലകളെ ഒരേ വേദിയിൽ അണിനിരത്തി കേരളത്തിന്റെ സാംസ്കാരികജീവിതത്തിന് പുതിയ ദിശ കാണിച്ചുതന്ന വ്യക്തിയായിരുന്നു സൂര്യ കൃഷ്ണമൂർത്തി. സൂര്യ ഫെസ്റ്റിവലിലൂടെ ദേശീയ, അന്തർദേശീയ തലങ്ങളിലെ നിരവധി കലാകാരന്മാരെ കേരളത്തിന്റെ സാംസ്കാരികവേദിയിലേക്ക് കൊണ്ടുവന്ന അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്നു ഗവർണർ അനുസ്മരിച്ചു- രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ഗവർണർ

“കേരളത്തിന്റെ സാംസ്‌കാരികഭൂപടത്തെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ബഹുമുഖപ്രതിഭയായിരുന്നു സൂര്യ കൃഷ്ണമൂർത്തി. ശാസ്ത്രത്തിന്റെയും കലയുടെയും അപൂർവവും സുന്ദരവുമായ ഒരു സമന്വയമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കലയെ ജനകീയമാക്കുന്നതിലും പരമ്പരാഗത കലാകാരന്മാർക്ക് അന്താരാഷ്ട്രവേദികൾ ഒരുക്കുന്നതിലും അദ്ദേഹം കാണിച്ച പ്രതിബദ്ധത വരുംതലമുറകൾക്ക് മാതൃകയാണ്. അദ്ദേഹത്തിന്റെ വേർപാട് കേരളത്തിന്റെ കലാസാഹിത്യലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്”-വി.ഡി. സതീശൻ, മുഖ്യമന്ത്രി

“ലോകമെങ്ങുമുള്ള കലാകാരന്മാരെ കേരളത്തിന്റെ തലസ്ഥാനനഗരിയിൽ അണിനിരത്തി അവരുടെ സർഗസപര്യ ജനങ്ങൾക്ക് ആസ്വദിക്കാനുള്ള അവസരം ഉണ്ടാക്കിയത് സൂര്യ കൃഷ്ണമൂർത്തി ആയിരുന്നു. ഇക്കാര്യത്തിൽ അദ്ദേഹം നൽകിയ സംഭാവന കാലാതീതമാണ്. അദ്ദേഹത്തിന്റെ വിടവാങ്ങൽ സാംസ്കാരികകേരളത്തിന് തീരാനഷ്ടമാണ്”-മന്ത്രി രമേശ് ചെന്നിത്തല

“പാരമ്പര്യത്തിന്റെ മിഴിവ് ചോരാതെ ശബ്ദവും വെളിച്ചവും ദൃശ്യവും സംഗീതവും സമന്വയിപ്പിച്ച് അരങ്ങിനെ വേറിട്ടൊരു കലാനുഭവമാക്കി മാറ്റിയ വ്യക്തിയാണ് സൂര്യ കൃഷ്ണമൂർത്തി. ശാസ്ത്രബോധവും കലാബോധവും സംഘാടനശേഷിയും സമന്വയിച്ച അദ്ദേഹത്തിന്റെ വ്യക്തിത്വം കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് അപൂർവമായിരുന്നു.”-മന്ത്രി പി.സി. വിഷ്ണുനാഥ്

“അതുല്യനായ കലാസംഘാടകനെയാണ് സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗത്തോടെ കേരളത്തിനു നഷ്ടമായിരിക്കുന്നത്. ഐ.എസ്.ആർ.ഒ.യിലെ മികച്ച ജോലിയുപേക്ഷിച്ചാണ് കലാപ്രവർത്തനത്തിനുവേണ്ടി തന്റെ ജീവിതം സമർപ്പിച്ചത്. ശാസ്ത്രബോധവും കലാബോധവും ഒരേ വ്യക്തിയിൽ ഒരുപോലെ സമ്മേളിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്- പിണറായി വിജയൻ, പ്രതിപക്ഷനേതാവ്