ഏകീകൃത സിവില്‍കോഡ് നടപ്പാക്കേണ്ടത് അനിവാര്യം; കലുങ്ക് സൗഹൃദസംഗമത്തില്‍ സുരേഷ് ഗോപി

പാലക്കാട്: പാലക്കാട്-എറണാകുളം മെമുവിന്റെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ റെയില്‍വേ അധികൃതരുമായി സംസാരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പാലക്കാട് അകത്തേത്തറ ചാത്തമുത്തിക്കാവിനു സമീപം നടന്ന കലുങ്ക് സൗഹൃദസംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ട്രാക്കുകളുടെ എണ്ണം കൂട്ടാന്‍ കൂടുതല്‍ സ്ഥലമേറ്റെടുത്തു നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇക്കാര്യം കേരളത്തിലെ എല്ലാ എംപിമാരുടേയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്നും അവര്‍ അതിന് നടത്തിയ ഇടപെടലുകളെപ്പറ്റി ചിന്തിക്കേണ്ടത് കേരളത്തിലെ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കല്‍പാത്തിപ്പുഴ വൃത്തിയായി സംരക്ഷിക്കുന്നതടക്കം സമഗ്രവികസനത്തിനായി ഇടപെടല്‍ നടത്തും. തെരുവുനായശല്യം വിഷയത്തില്‍ സംരക്ഷണകേന്ദ്രമെന്ന ആശയം നടപ്പാക്കാന്‍ സംസ്ഥാനത്തുനിന്ന് പിന്തുണ ലഭിച്ചില്ല. കേന്ദ്രത്തിന്റെ നീക്കങ്ങള്‍ക്കെതിരേ പ്രതിപക്ഷം നിലപാടെടുത്തത് വന്യമൃഗശല്യം പരിഹരിക്കാന്‍ തടസ്സമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നെല്‍ക്കര്‍ഷകരുടെ പ്രശ്‌നങ്ങളെല്ലാം കണ്ടെത്തി പരിഹരിക്കേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏകീകൃത സിവില്‍കോഡ് നടപ്പാക്കേണ്ടത് അനിവാര്യമാണ്. മുത്തലാഖ് ബില്‍ കൊണ്ടുവന്നപ്പോള്‍ എതിര്‍ത്തവരാണ് പ്രതിപക്ഷമെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. വ്യക്തിനിയമങ്ങളുടെ നല്ലവശങ്ങള്‍ ഉള്‍പ്പെടുത്തി ഏകീകൃത കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Union Minister Suresh Gopi discusses Uniform Civil Code necessity, railway development plans for Palakkad-Ernakulam MEMU, and other local issues at Kalukku Friendship Meet